
















പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ സമഗ്ര അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി
'അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് ജില്ലാ കളക്ടറുടെ ആവശ്യം. ഇപ്പോള്‍ കളക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ നിയമോപദേശവും തേടും': രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. മുരളീധരന്‍ കെ പിയുടെ പരാതിയിലാണ് കേസെടുത്തത്.
എന്‍ഡിഎ പ്രവര്‍ത്തകയായ സ്ത്രീ ദേവു എന്ന വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.