
















ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷത്തില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാഴാഴ്ചയാണ് ചരിത്രപ്രധാനമായ പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള ആദ്യപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സമയം വൈകുന്നേരം 5 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. 'ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിച്ചു, ഇത് പത്താമത്തേതാണ്. നമുക്കിത് പൂര്‍ത്തിയാക്കാം!' എന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കുറിച്ചത്.
34 വര്‍ഷത്തിന് ശേഷം ആദ്യമായി ഇസ്രായേല്‍, ലെബനന്‍ പ്രതിനിധികള്‍ വാഷിംഗ്ടണില്‍ വെച്ച് ചര്‍ച്ച നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും അര്‍ത്ഥവത്തായ ചര്‍ച്ചയാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.
പഴയ യുദ്ധങ്ങള്‍ പരിഹരിച്ച കാര്യം പരാമര്‍ശിക്കവെ കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ 'ഓപ്പറേഷന്‍ സിന്ദൂര്‍' സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും തന്റെ ഇടപെടല്‍ 10 ദശലക്ഷം ജീവനുകള്‍ രക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.