
















രാജസ്ഥാനിലെ ബിജെപി യുവമോര്‍ച്ച നേതാവ് 10ലക്ഷം മുടക്കി നീറ്റ് ചോദ്യപേപ്പര്‍ വാങ്ങി നല്‍കിയിട്ടും മകന് ലഭിച്ചത് 720ല്‍ വെറും 107മാര്‍ക്ക്. പ്രാദേശിക നേതാവായ ദിനേശ് ബിവാലിന്റെ മകന്‍ ഋഷി ബിവാലിനാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയിട്ടും വളരെ കുറഞ്ഞ സ്‌കോര്‍ കിട്ടിയത്. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദിനേശ് ബിവാലിനെയും സഹോദരന്‍ മാംഗിലാല്‍ ബിവാലിനെയും സിബിഐ മുമ്പ് തന്നെ പിടികൂടിയിരുന്നു. മാംഗലിന്റെ മൂത്തമകനായ വികാസും പിടിയിലായിട്ടുണ്ട്. നിലവില്‍ ഋഷി ബിവാല്‍ ഒളിവിലാണെന്നാണ് വിവരം. ഇയാളെയും സിബിഐ തിരയുകയാണ്.ദിനേശ് ബിവാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ അയാളുടെ മകന്‍ ഋഷിയുടെ മാര്‍ക്ക് പരിശോധിച്ചത്.
മകന് വേണ്ടിയാണ് പത്തുലക്ഷം ചെലവാക്കി ചോദ്യപേപ്പര്‍ വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഋഷിയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്കുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അപ്പോഴാണ് പഠനത്തില്‍ പിന്നിലായിരുന്ന ഋഷിക്ക് പത്തില്‍ 44%വും പന്ത്രണ്ടാം ക്ലാസില്‍ സെക്കന്‍ഡ് ക്ലാസ് മാര്‍ക്കുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഗ്രേസ് മാര്‍ക്കിലാണ് പ്ലസ്ടു പാസായത്. ഇതുവരെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒമ്പത് പേരാണ് അറസ്റ്റിലായത്.