CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 14 Seconds Ago
Breaking Now

കൂടെ വരാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്; ഭീഷണി വീഡിയോ പുറത്തുവന്നു

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവില്‍ ഹോംഗാര്‍ഡായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്തിരുന്ന മഞ്ജുളയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതനുസരിച്ച്, ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് അടിമയായിരുന്ന പ്രദീപും മഞ്ജുളയും തമ്മില്‍ നിരന്തരം കുടുംബവഴക്കുകള്‍ ഉണ്ടായിരുന്നു. ബെറ്റിങ് ശീലത്തെ ചൊല്ലിയും കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ച സംശയങ്ങളെ ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.പ്രദീപിന്റെ ഉപദ്രവം സഹിക്കാനാകാതെ കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള രണ്ട് മക്കളെയും കൂട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസം. ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച പ്രദീപ്, കൂടെ വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമാസക്തനാകുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

രണ്ട് മക്കളുടെ മുന്നില്‍വെച്ചാണ് ആക്രമണം നടന്നത്. മഞ്ജുളയെ 20-ലധികം തവണ കുത്തിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദീപ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. അതില്‍ ഓണ്‍ലൈന്‍ ബെറ്റിങ് തന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന് പറഞ്ഞ അദ്ദേഹം, ഭാര്യ കൂടെയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും അവള്‍ തിരിച്ചുവരാന്‍ തയ്യാറാകില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് ശേഷം സ്വന്തം കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രദീപിനെ ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.