
















80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമായ സ്വാതന്ത്ര്യദിന ഘോഷയാത്ര; രാവിലെ ദേശീയപതാക ഉയര്‍ത്തും, ഉച്ചയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും; വൈകിട്ട് വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും
റോതര്‍ഹാം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ നിറവും ആവേശവും പകരാന്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന്റെ വേദിയായ മാന്‍വേഴ്‌സ് തടാത്തിലെത്തുന്നു.
ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും കേരളപൂരത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ സജീവ സാന്നിധ്യമായി ഡീന്‍ കുര്യാക്കോസ് പങ്കെടുക്കും. രാവിലെ നടക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് ചാന്‍സലര്‍ക്കൊപ്പം പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യവാര്‍ഷികത്തെ അടയാളപ്പെടുത്തി 80 ഇന്ത്യന്‍ ദേശീയപതാകകളുമായി നടത്തുന്ന വര്‍ണാഭമായ ഘോഷയാത്ര, കേരളത്തിന്റെ വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ മാന്‍വേഴ്‌സ് തടാകക്കരയെ ദേശസ്‌നേഹത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും വേദിയാക്കി മാറ്റും.
ഉച്ചയ്ക്ക് നടക്കുന്ന സ്വാതന്ത്ര്യദിന-കേരളപൂരം പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം വള്ളംകളിയുടെ ആവേശകരമായ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതും ഡീന്‍ കുര്യാക്കോസ് എം.പി. ആയിരിക്കും.
ഇതോടെ പ്രഭാതത്തിലെ ദേശീയപതാക ഉയര്‍ത്തല്‍ മുതല്‍ ഉച്ചയിലെ പൊതുസമ്മേളനവും വൈകുന്നേരത്തെ വള്ളംകളി സമ്മാനദാനവും വരെ നീളുന്ന ആഘോഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയായി ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യം കേരളപൂരം 2026-ന് പ്രത്യേക മാനം നല്‍കും.
80 പതാകകള്‍; ഒരു ഇന്ത്യ - മാന്‍വേഴ്‌സില്‍ സ്വാതന്ത്ര്യത്തിന്റെ വര്‍ണാഭമായ ആഘോഷം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എണ്‍പത് വര്‍ഷങ്ങളെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നതിനാണ് 80 ഇന്ത്യന്‍ ദേശീയപതാകകളുമായി പ്രത്യേക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ദേശീയപതാകകള്‍ക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരമ്പരാഗത കലാരൂപങ്ങളും അണിനിരക്കും.
കേരളത്തിന്റെ കലയും സംസ്‌കാരവും ഇന്ത്യന്‍ ദേശീയബോധവും യു.കെ മലയാളികളുടെ പ്രവാസജീവിതവും ഒരേ വേദിയില്‍ സംഗമിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് മാന്‍വേഴ്‌സ് തടാകം സാക്ഷ്യം വഹിക്കുക.

ജന്മനാടായ ഇന്ത്യയോടുള്ള സ്‌നേഹവും ഇന്ന് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്രിട്ടനോടുള്ള പ്രതിബദ്ധതയും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന യു.കെ മലയാളി സമൂഹത്തിന്റെ ആഘോഷമായാണ് പരിപാടി ഒരുക്കുന്നത്. കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും കലാകാരന്മാരും വള്ളംകളി ടീമുകളും ഉള്‍പ്പെടെ വലിയൊരു ജനസഞ്ചയം ആഘോഷത്തില്‍ പങ്കുചേരും.
പ്രവാസികളായ പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയപതാകയുടെ മഹത്വവും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന അവസരം കൂടിയാകും ഈ ആഘോഷം.
രാവിലെ ദേശീയപതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം
സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢി നിറഞ്ഞ അന്തരീക്ഷത്തില്‍ ബ്രിട്ടന്റെയും ഭാരതത്തിന്റെയും ദേശീയപതാകകള്‍ ഉയര്‍ത്തുന്നതാണ്. ബ്രിട്ടീഷ് ചാന്‍സലര്‍ പങ്കെടുക്കുന്ന കേരളപൂരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന-വള്ളംകളി ചടങ്ങിലും ഡീന്‍ കുര്യാക്കോസ് എം.പി. സന്നിഹിതനായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉന്നത പ്രതിനിധിയും ബ്രിട്ടീഷ് മലയാളി സമൂഹത്തോടൊപ്പം ഒരേ വേദിയില്‍ എത്തുന്നത് പരിപാടിയുടെ അന്തര്‍ദേശീയ സ്വഭാവത്തിനും പ്രത്യേക പ്രാധാന്യം നല്‍കും.
ഉച്ചയ്ക്ക് പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും
ദിവസത്തെ മറ്റൊരു പ്രധാനഘട്ടമായ സ്വാതന്ത്ര്യദിന-കേരളപൂരം പൊതുസമ്മേളനം ഉച്ചയ്ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍, കലാ-കായിക രംഗത്തെ പ്രമുഖര്‍, സ്‌പോണ്‍സര്‍മാര്‍, വോളന്റിയര്‍മാര്‍, മലയാളി കുടുംബങ്ങള്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.
കേരളത്തില്‍നിന്നുള്ള ഒരു ജനപ്രതിനിധി ബ്രിട്ടീഷ് മലയാളികളുടെ വലിയൊരു സാംസ്‌കാരിക സംഗമത്തില്‍ സ്വാതന്ത്ര്യദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് നാട്ടിലെയും പ്രവാസലോകത്തെയും മലയാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ പ്രതീകമാകും.
വൈകിട്ട് ജലരാജാക്കന്മാര്‍ക്ക് ഡീന്‍ കുര്യാക്കോസിന്റെ വിജയകിരീടം
പകല്‍ മുഴുവന്‍ മാന്‍വേഴ്‌സ് ലേക്കിനെ ആവേശത്തിലാഴ്ത്തുന്ന വള്ളംകളിയുടെ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ആഘോഷം സമ്മാനദാന ചടങ്ങിലേക്ക് കടക്കും. കരുത്തും താളവും കൂട്ടായ്മയും പരീക്ഷിക്കുന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. ട്രോഫികള്‍ കൈമാറും.
കേരളത്തിലെ ജലോത്സവങ്ങളുടെ ആവേശം ബ്രിട്ടീഷ് മണ്ണിലേക്ക് കൊണ്ടുവന്ന വള്ളംകളിയിലെ വിജയികള്‍ക്ക് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ട്രോഫി സമ്മാനിക്കുന്ന നിമിഷം മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും കാണികള്‍ക്കും ഒരുപോലെ അവിസ്മരണീയമാകും.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക്
അഭിഭാഷകനായ ഡീന്‍ കുര്യാക്കോസ്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അനാനിക്കല്‍ വീട്ടില്‍ എം.എം. കുര്യാക്കോസിന്റെയും റോസമ്മ കുര്യാക്കോസിന്റെയും മകനാണ്. ഭാര്യ ഡോ. നിത പോള്‍, മകന്‍ ഡാനിലോ ഡീന്‍.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രീഡിഗ്രി പഠനത്തിന് ശേഷം മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്ന് ബി.എസ്.സി. ഫിസിക്‌സ് ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് പൊളിറ്റിക്‌സ്-ല്‍ ഒന്നാം റാങ്കോടെ എം.എ. നേടിയ അദ്ദേഹം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് മേഖലയില്‍ ഉന്നതപഠനവും തുടരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഡീന്‍ കുര്യാക്കോസ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 2004 മുതല്‍ 2007 വരെ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 2007 മുതല്‍ 2009 വരെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2009-2010 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ഇടുക്കി ലോക്സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ അദ്ദേഹം 2013 മുതല്‍ 2020 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
2014-ല്‍ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡീന്‍ കുര്യാക്കോസ് 2019-ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ തൊഴില്‍, ഗ്രാമവികസനം തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് പാര്‍ലമെന്റിലെത്തിയതോടെ ഇടുക്കിയുടെ പ്രതിനിധിയായി രണ്ടാം തവണയും അദ്ദേഹം ലോക്സഭയില്‍ സാന്നിധ്യമുറപ്പിച്ചു.
ജന്മനാടും പ്രവാസലോകവും കൈകോര്‍ക്കുന്ന വേദി
യുകെയിലെ മലയാളി സമൂഹം ഇന്ന് ആരോഗ്യരംഗം, വിദ്യാഭ്യാസം, ബിസിനസ്, സാങ്കേതികവിദ്യ, പൊതുസേവനം തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്. അതേസമയം പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയും കലയും സംസ്‌കാരവും ഇന്ത്യന്‍ പൈതൃകവും പരിചയപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്തവും പ്രവാസി സമൂഹം ഏറ്റെടുത്തിട്ടുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്താനും, 80 ത്രിവര്‍ണ പതാകകള്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സാക്ഷിയാകാനും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനും, ഒടുവില്‍ വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കാനും ഡീന്‍ കുര്യാക്കോസ് എം.പി. എത്തുന്നത് മാന്‍വേഴ്‌സ് തടാകക്കരയിലെ ആഘോഷങ്ങള്‍ക്ക് വേറിട്ടൊരു ചരിത്രപ്രാധാന്യം നല്‍കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആവേശവും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഒരുമിക്കുന്ന ഒരു മുഴുവന്‍ ദിവസത്തിന് മാന്‍വേഴ്‌സ് ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 15-ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മലയാളി കുടുംബങ്ങളെയും ഇന്ത്യക്കാരെയും വള്ളംകളി പ്രേമികളെയും കലാസ്വാദകരെയും യുക്മ-ഇസ ലണ്ടന്‍ കേരളപൂരം 2026-ന്റെ ഈ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വേദി: Manvers Lake, Rotherham, S63 7DG
തീയതി: 15 August 2026, Saturday
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കല്‍ ഇന്ത്യന്‍ മട്ടാഞ്ചേരി, ടോണ്ടന്‍ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്‌സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്‌മെന്റ്) - 07903426018
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍