CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 14 Seconds Ago
Breaking Now

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 മൂന്ന്, നാല് ഹീറ്റ്‌സുകളിലെ ടീമുകളെ പരിചയപ്പെടാം....

 ഹീറ്റ്‌സ്-3ല്‍ തായങ്കരി, പായിപ്പാട്, കരുവാറ്റ നേര്‍ക്കുനേര്‍

 

യുക്മ കേരളപൂരം വള്ളംകളി 2026-ലെ മൂന്നാം ഹീറ്റ്‌സ് ആവേശത്തിന്റെ മറ്റൊരു അധ്യായമാകാന്‍ ഒരുങ്ങുകയാണ്. മികച്ച പാരമ്പര്യവും പരിശീലന മികവും വിജയലക്ഷ്യവുമായി മൂന്ന് കരുത്തുറ്റ ടീമുകളാണ് ഹീറ്റ്‌സ്-3ല്‍ നേര്‍ക്കുനേര്‍ എത്തുന്നത്. തായങ്കരി, പായിപ്പാട്, കരുവാറ്റ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടന്‍വള്ളങ്ങളുടെ പേരിലാണ്   യുകെയിലെ പ്രമുഖ ബോട്ട് ക്ലബ്ബുകള്‍ ശക്തി തെളിയിക്കാന്‍ എത്തുന്നത്.

തായങ്കരി - ബി എം എ ബോട്ട് ക്ലബ്ബ്, ബാസറ്റ്‌ലോ (BMA Boat Club, Bassetlaw)

 

ചരിത്രപ്രസിദ്ധമായ തായങ്കരി വള്ളത്തില്‍ ഇത്തവണയും മത്സരിക്കാനെത്തുന്നത്  - ബി എം എ ബോട്ട് ക്ലബ്ബ്, ബാസെറ്റ്‌ലോ

 ആണ്. ഇന്ത്യന്‍ നാവികസേനയിലെ മുന്‍ സൈനികനായ ജോബി കുഞ്ഞുവര്‍ക്കിയുടെ ക്യാപ്റ്റന്‍സിയിലാണ് ടീം മത്സരരംഗത്തിറങ്ങുന്നത്.

 

2023 മുതല്‍ തായങ്കരി വള്ളത്തില്‍ മത്സരിക്കുന്ന ബി എം എ ബോട്ട് ക്ലബ്, കഴിഞ്ഞ തവണ ആറാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിന്റെ നിരാശ മറികടന്ന് ഇത്തവണ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷങ്ങളിലെ മത്സരപരിചയവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. മോന്‍സി കിച്ചണ്‍ ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

പായിപ്പാട് - ഗോട്ട്‌സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റര്‍ ജൂനിയേഴ്സ് (GOATS Boat Club, Manchester Juniors)

 

വള്ളംകളിയോടുള്ള അതിയായ ആവേശത്തിന് പേരുകേട്ട  ഗോട്ട്‌സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റര്‍ ജൂനിയേഴ്സ്

(GOATS Boat Club, Manchester Juniors) ഇത്തവണ രണ്ട് ടീമുകളുമായാണ് യുക്മ കേരളപൂരത്തില്‍ പങ്കെടുക്കുന്നത്. ഹീറ്റ്‌സ്-3ല്‍ പായിപ്പാട് വള്ളത്തിലാണ്  ഗോട്ട്‌സ് ബോട്ട് ക്ലബ്ബ്,  ജൂനിയേഴ്‌സ്   മത്സരിക്കുന്നത്.

 

പോള്‍ അഷന്‍ പോള്‍ ക്യാപ്റ്റനായ ടീമില്‍ യുവത്വത്തിന്റെ ചുറുചുറുക്കും മുന്‍കാല മത്സരപരിചയവും ചിട്ടയായ പരിശീലനത്തിലൂടെ നേടിയ ആത്മവിശ്വാസവും ഒത്തുചേരുന്നു. വിജയപ്രതീക്ഷയോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്. എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍റ്റന്‍സി

(LTC Global Consultancy) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

കരുവാറ്റ - ശ്രീ വിനായക ബോട്ട് ക്ലബ്, യുകെ

മൂന്നാം ഹീറ്റില്‍ തായങ്കരിയെയും പായിപ്പാടിനെയും വെല്ലുവിളിച്ച് എത്തുന്നത് കരുവാറ്റ ചുണ്ടനാണ്. ശ്രീ വിനായക ബോട്ട് ക്ലബ് യുകെ  ആണ് ഇത്തവണയും കരുവാറ്റ വള്ളത്തില്‍ മത്സരിക്കുന്നത്. ജഗദീഷ് നായര്‍ ആണ് ടീം ക്യാപ്റ്റന്‍.

 

യുക്മ വള്ളംകളിയിലെ സ്ഥിരസാന്നിധ്യമായ ശ്രീ വിനായക ബോട്ട് ക്ലബ്, യുവത്വത്തിന് മുന്‍തൂക്കം നല്‍കി കൃത്യമായ പരിശീലനത്തിലൂടെയാണ് ഇത്തവണയും മത്സരത്തിനൊരുങ്ങുന്നത്. പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

ആവേശപ്പോരിന് വേദിയൊരുങ്ങി മൂന്ന് വ്യത്യസ്ത കരുത്തുകളും ഒരേ ലക്ഷ്യവുമായി ഹീറ്റ്‌സ്-3ല്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ സംശയമില്ല. പരിചയസമ്പത്ത്, യുവത്വം, കഠിന പരിശീലനം എന്നിവയുടെ സമന്വയമാകുന്ന ഈ പോരാട്ടത്തില്‍ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികള്‍. ആഗസ്റ്റ് 15-ന് മാന്‍വേഴ്‌സ് ലേക്കില്‍ നടക്കുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏറ്റവും ശ്രദ്ധേയമായ ഹീറ്റുകളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ഹീറ്റ്‌സ്-4ല്‍ പുന്നമട, ആലപ്പാട്, മാമ്പുഴക്കരി എന്നീ ടീമുകള്‍ നേര്‍ക്കുനേര്‍

 

യുക്മ കേരളപൂരം വള്ളംകളി 2026-ലെ നാലാം ഹീറ്റ് പാരമ്പര്യവും പരിചയസമ്പത്തും യുവത്വത്തിന്റെ കരുത്തും പുതുമയുടെ ആവേശവും ഒരുമിക്കുന്ന മത്സരമായി മാറുകയാണ്. യുക്മ വള്ളംകളിയുടെ ചരിത്രത്തില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ടീമുകള്‍ക്കൊപ്പം ആദ്യമായി മത്സരരംഗത്തിറങ്ങുന്ന ഒരു പുതുമുഖ ടീമും ഈ ഹീറ്റ്‌സില്‍ അണിനിരക്കുന്നു.

 

പുന്നമട - ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (Jawahar Boat Club, Liverpool)

 

യുക്മ വള്ളംകളിയുടെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ഇത്തവണ പുന്നമട ചുണ്ടനിലാണ് മത്സരിക്കുന്നത്. പരിചയസമ്പന്നനായ ഹരികുമാര്‍ ഗോപാലന്‍ നയിക്കുന്ന ലിവര്‍പൂള്‍ ടീം വിജയചരിത്രം ആവര്‍ത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഒരിക്കല്‍ക്കൂടി തുഴയാനിറങ്ങുന്നത്.

 

ആദ്യ മത്സരത്തില്‍ തന്നെ റണ്ണറപ്പായും തുടര്‍ന്ന് തുടര്‍ച്ചയായി മൂന്ന് തവണ യുക്മ ട്രോഫി സ്വന്തമാക്കിയും ചരിത്രം കുറിച്ച ലിവര്‍പൂള്‍ ടീം, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആ നിരാശ മറികടന്ന് വീണ്ടും ചാമ്പ്യന്‍പട്ടം വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അവര്‍. ജെ ജെ കെയര്‍ സര്‍വീസ്, സൗത്ത്‌പോര്‍ട്ട് (JJ Care Service, Southport) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

ആലപ്പാട് - കീത് ലി വാരിയേഴ്‌സ്  ബോട്ട് ക്ലബ്ബ് (Keighley Warriors Boat Club)

 

ബാബു സെബാസ്റ്റ്യന്‍ ക്യാപ്റ്റനായുള്ള  കീത് ലി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡന്റ്  ഇത്തവണ ആലപ്പാട് ചുണ്ടനിലാണ് ശക്തിപരീക്ഷ നടത്തുന്നത്. കൃത്യമായ പരിശീലനവും മികച്ച മുന്നൊരുക്കങ്ങളുമായി യുക്മ ട്രോഫിക്കായി ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് ടീമിന്റെ ലക്ഷ്യം.

 

ഈ സീസണില്‍ കീത്ത്ലി വാരിയേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത യുവതാരങ്ങളുടെ വരവാണ്. അനുഭവസമ്പന്നരായ തുഴച്ചിലുകാര്‍ക്കൊപ്പം യുവത്വത്തിന്റെ ഊര്‍ജവും ആവേശവും കൈകോര്‍ക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സി

(LTC Global Consultancy) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

മാമ്പുഴക്കരി - ഹാവെര്‍ഹില്‍ ബോട്ട് ക്ലബ്  (Haverhill Boat Club)

 

നാലാം ഹീറ്റില്‍ പുതുമയുടെ പ്രതീകമായി എത്തുന്നത് ഹാവര്‍ഹില്‍ ബോട്ട് ക്ലബ് ആണ്. യുക്മ വള്ളംകളിയില്‍ കന്നിയങ്കം കുറിക്കുന്ന ഹാവെര്‍ഹില്‍ ബോട്ട് ക്ലബ് ഇത്തവണ മാമ്പുഴക്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. ഗോവിന്ദ് ബാലഗോപാല്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.

 

യുകെയിലെ ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ സഫോള്‍ക്കിലുള്ള ഹാവെര്‍ഹില്‍ മലയാളി അസോസിയേഷന്‍ (HMA) അംഗങ്ങള്‍ ചേര്‍ന്നാണ് ഈ ബോട്ട് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. വള്ളംകളി ഒരു കായികമത്സരം മാത്രമല്ല, കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും യുകെയില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന ഒരു സാംസ്‌കാരിക ആഘോഷമാണെന്ന വിശ്വാസത്തോടെയാണ് അവര്‍ ഈ വേദിയിലേക്ക് എത്തുന്നത്. ആദ്യ മത്സരമാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

ആവേശം നിറഞ്ഞ നാലാം ഹീറ്റ്  വിജയപാരമ്പര്യമുള്ള ലിവര്‍പൂള്‍, യുവത്വത്തിന്റെ കരുത്തുമായി എത്തുന്ന കീത്ത്ലി വാരിയേഴ്സ്, പുതുമയുടെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന ഹാവെര്‍ഹില്‍ ബോട്ട് ക്ലബ്  ഈ മൂന്ന് ടീമുകളുടെ പോരാട്ടം ഹീറ്റ്‌സ്-4നെ വള്ളംകളി പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. പരിചയവും ആവേശവും ആത്മവിശ്വാസവും ഏറ്റുമുട്ടുന്ന ഈ പോരാട്ടത്തില്‍ അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാന്‍ ഇനി ആഗസ്റ്റ് 15-നെ കാത്തിരിക്കാം.

 

ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

 

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

 

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജജ് - 07403312250.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.