
















ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഗ്ലോസ്റ്റര്‍ സിറ്റി സെന്ററില്‍ നടന്നപ്പോള്‍ അതു വിവിധ സംസ്‌കാരങ്ങളുടെ മനോഹരമായ കൂടിച്ചേരലായി. ഓഗസ്ത് 15 ശനിയാഴ്ച വൈകീട്ട് മൂന്നു മണി മുതല്‍ ആറു മണിവരെയായിരുന്നു കാര്‍ണിവല്‍ ;. ഗ്ലോസ്റ്റര്‍ കേരള കമ്യൂണിറ്റി, റോട്ടറി ക്ലബ് ഓഫ് ഗ്ലോസ്റ്റര്‍, ഗ്ലോസ്റ്റര്‍ സിറ്റി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടികള്‍

സംഗീതവും ലൈവ് ഗാനങ്ങളും നൃത്തപരിപാടികളും കൊണ്ട് ഗ്ലോസ്റ്റര്‍ നഗരമധ്യം ഉത്സവാന്തരീക്ഷത്തിലായി. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളുടെ മനോഹാരിതയ്‌ക്കൊപ്പം ആവേശകരമായ ബോളിവുഡ് നൃത്തങ്ങളും അരങ്ങേറി. പരമ്പരാഗത കേരളീയ വേഷങ്ങളണിഞ്ഞെത്തിയവരും ഇന്ത്യന്‍ വിവിധ സംസ്ഥാനങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ചവരും പരിപാടിക്ക് നിറപ്പകിട്ടേകി.

പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു താളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ചെണ്ടമേളം.

റോട്ടറി ക്ലബ് ഓഫ് ഗ്ലോസ്റ്റര്‍ സംഘടിപ്പിച്ച സൈലന്റ് ഡിസ്‌കോയും ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം വിവിധ രാജ്യക്കാരും ഗ്ലോസ്റ്ററിലെ പ്രാദേശിക സമൂഹാംഗങ്ങളും പങ്കെടുത്തത്

ഈ കാര്‍ണിവല്‍ ആവേശത്തോടെ കൊണ്ടാടി.
ഗ്ലോസ്റ്റര്‍ മേയര്‍ അഡ്രിയാന്‍ ഗ്രഹാം , ഷെരിഫും ഡെപ്യൂട്ടി മേയറുമായ ആന്‍ റാഡ്‌ലി , ഗ്ലോസ്റ്റര്‍ എംപി അലക്‌സ് മാക്കിന്റയര്‍, ബ്രാഡ്‌ലി സ്റ്റോക്ക് മുന്‍ മേയര്‍ ടോം ആദിത്യ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഗ്ലോസ്റ്ററിലെ വിവിധ മലയാളി സംഘടനകള്‍ ഒരേ കുടക്കീഴില്‍ അണിനിരന്നതാണ് ആഘോഷത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. ഗ്ലോസ്റ്ററിലെ ജിഎംസിഎ, കെസിഎ, ജിഎംഎ, കേരളീയം തുടങ്ങി വിവിധ സംഘടനകളുടെ പങ്കാളിത്തമാണ് കാര്‍ണിവലിന്റെ വിജയം.

കേരളീയവും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കാര്‍ണിവല്‍ മറക്കാനാകാത്ത അനുഭവമായി മാറി.ഗ്ലോസ്റ്ററിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലോറന്‍സ് പല്ലിശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.