CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 12 Seconds Ago
Breaking Now

ഹാഫിസ് സയീദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചെന്ന് പാക് പുരോഹിതന്‍; വിവാദ വെളിപ്പെടുത്തല്‍

ഈ മാസം ആദ്യം പ്രാര്‍ത്ഥനാ പ്രസംഗത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നസീര്‍ മദ്നി സുഖം പ്രാപിച്ച് പൊതുവേദിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രസ്താവന നടത്തിയത്.

ലഷ്‌കര്‍-ഇ-തയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പാക് പുരോഹിതന്‍ നസീര്‍ മദ്നി. പാക്കിസ്ഥാനിലെ ബഹാവല്‍നഗറില്‍ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് നസീര്‍ മദ്നി ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ മാസം ആദ്യം പ്രാര്‍ത്ഥനാ പ്രസംഗത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നസീര്‍ മദ്നി സുഖം പ്രാപിച്ച് പൊതുവേദിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രസ്താവന നടത്തിയത്.

ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ലഷ്‌കര്‍-ഇ-തയ്ബയ്ക്കും ഹാഫിസ് സയീദിനുമുള്ള നേരിട്ടുള്ള പങ്കിനെക്കുറിച്ച് ഇന്ത്യ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് പാക് പുരോഹിതന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.

മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനായി ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭ 2005ല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ അമേരിക്കയും ഇയാളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അടുത്തിടെ ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഹാഫിസ് സയീദിന്റെ പേര് ഉയര്‍ന്നിരുന്നു. കേസില്‍ കഴിഞ്ഞ ജൂലൈയില്‍ ജമ്മു കോടതി സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മുംബൈ ഭീകരാക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന ഹാഫിസ് സയീദ് ഉള്‍പ്പെടെ ആറ് പാക് പ്രതികള്‍ക്കെതിരെ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള നിയമനടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാം. ഭാവിയില്‍ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചാല്‍ ശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാകും.

ഈ സാഹചര്യത്തില്‍ പാക് മണ്ണില്‍ നിന്നുതന്നെ പുറത്തുവന്ന നസീര്‍ മദ്നിയുടെ പുതിയ വെളിപ്പെടുത്തല്‍ ഹാഫിസ് സയീദിനെതിരായ ഇന്ത്യയുടെ അന്താരാഷ്ട്ര തലത്തിലുള്ള നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.