
















ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയയാന്‍ ഇന്ത്യയിലേക്ക്. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026ലെ അധ്യക്ഷപദവിക്ക് കീഴില്‍ ഇന്ത്യ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. 'സ്ഥിരത, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിന് കീഴിലാകും ഉച്ചകോടി നടക്കുക. 2026-ന്റെ തുടക്കത്തില്‍ ബ്രസീലില്‍ നിന്നാണ് ഇന്ത്യ ബ്രിക്സിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്.
2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പെസെഷ്‌കിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി-പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഈജിപ്റ്റിനും എത്യോപ്യയ്ക്കും യുഎഇയ്ക്കുമൊപ്പം 2024 മുതല്‍ ഇറാന്‍ ബ്രിക്‌സിലെ പൂര്‍ണ അംഗമാണ്. 2025 ഇന്തോനേഷ്യ കൂടി പൂര്‍ണ അംഗമായതോടെ 11 പൂര്‍ണ അംഗങ്ങളാണ് ബ്രിക്സില്‍ ഉള്ളത്.
ജൂണ്‍ മാസത്തില്‍, ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തിയിരുന്നു. യോഗത്തിനുശേഷം തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ആഗോളതലത്തില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ന്യൂഡല്‍ഹിക്കുള്ള വര്‍ധിച്ചുവരുന്ന സ്വാധീനത്തെ അരാഗ്ചി എടുത്തു പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യം ലഘൂകരിക്കുന്നതില്‍ ഇന്ത്യയ്ക്ക് 'വലിയൊരു പങ്ക്' വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സംഘര്‍ഷങ്ങളില്‍ ഭാവിയില്ലെന്നാണ് ടെഹ്‌റാന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ പ്രതിസന്ധിക്ക് സൈനികമായ പരിഹാരമില്ലെന്നും, 'ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പ്' മാത്രമാണ് മുന്നോട്ടുള്ള ഏക പ്രായോഗിക മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.