CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 49 Seconds Ago
Breaking Now

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്റെ വീടിന് നേരെ ആക്രമണം

രാത്രി ഒമ്പത് മണിയോടെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം അക്രമികള്‍ വീടിന്റെ ഒരു വശത്തുള്ള ഇരുമ്പ് ഗേറ്റിന് മുകളിലേക്ക് പെട്രോള്‍ ബോംബ് പോലുള്ള സ്‌ഫോടകവസ്തു എറിയുകയായിരുന്നു

പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ, മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനും അവാമി ലീഗ് മുന്‍ എംപിയുമായ ഷാക്കിബ് അല്‍ ഹസന്റെ മഗുരയിലെ വീടിന് നേരെ ആക്രമണവും തീവെപ്പ് ശ്രമവും. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രാത്രി ഒമ്പത് മണിയോടെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം അക്രമികള്‍ വീടിന്റെ ഒരു വശത്തുള്ള ഇരുമ്പ് ഗേറ്റിന് മുകളിലേക്ക് പെട്രോള്‍ ബോംബ് പോലുള്ള സ്‌ഫോടകവസ്തു എറിയുകയായിരുന്നു. എന്നാല്‍, അയല്‍വാസികള്‍ ഉടന്‍തന്നെ ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ ദുരന്തവും വലിയ നാശനഷ്ടങ്ങളും ഒഴിവാക്കാനായി.

സംഭവസമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് മഗുര സദര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അബ്ദുള്ള അല്‍ മാമുന്‍ വ്യക്തമാക്കി. ഇത് പെട്രോള്‍ ബോംബ് തന്നെയാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും, പ്രദേശത്ത് മുന്‍കരുതലിന്റെ ഭാഗമായി പോലീസിനെ വിന്യസിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

2024ല്‍ അവാമി ലീഗ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നതിന് മുന്‍പ് മഗുര-1 മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് ഷാക്കിബ് അല്‍ ഹസന്‍. ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ പ്രസംഗത്തിനിടെ ഷാക്കിബ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2024-ലെ ജനകീയ പ്രക്ഷോഭങ്ങളെ തന്റെ സര്‍ക്കാര്‍ നേരിട്ട രീതിയെ ന്യായീകരിച്ചുകൊണ്ടും നിലവിലെ നേതൃത്വത്തിനെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുമായിരുന്നു ഷെയ്ഖ് ഹസീന ഓണ്‍ലൈനിലൂടെ സംസാരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.