
















ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ സ്‌കൂളില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപികയുടെ മര്‍ദ്ദനമേറ്റ ആറുവയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ് എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമരാവതിയിലുള്ള വണ്‍ ടൗണ്‍ ഏരിയയിലെ സ്വകാര്യ സ്‌കൂളിലാണ് കൊടും ക്രൂരത സംഭവിച്ചത്. ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ ഷര്‍ട്ടില്‍ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടന്‍ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. കുട്ടി രാവിലെ പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ് സ്‌കൂളിലേക്ക് പോയതെന്നും, സംഭവം നടന്ന വിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെയാണ് മകന്‍ എഴുന്നേറ്റത്. പിന്നാലെ സ്‌കൂളില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ കുട്ടി സ്‌കൂളിലെത്തി മണിക്കൂറുകള്‍ക്കു ശേഷം ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുടുംബം അറിയുന്നത്.
തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാര്‍ ഫോണില്‍ വിളിച്ച് അറിയിച്ചെന്നും സ്‌കൂളില്‍ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംശയം തോന്നി തുടര്‍ന്ന് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തെ തുടര്‍ന്ന് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ദിലീപ് ചക്രവര്‍ത്തി ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം വണ്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി പേടിച്ച് ഹൃദയാഘാതം സംഭവിച്ചതാണോ അതോ മര്‍ദ്ദനമേറ്റതിന്റെ ആഘാതത്തിലാണോ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.