
















നടി അനന്യ രാജ് (27) അന്തരിച്ചു. കഴിഞ്ഞ ജൂലൈ 15ന് പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് അനന്യ മരിച്ചതെന്ന് കുടുംബം സ്ഥിരീകരിച്ചു. മരണത്തിന് ഒരു മാസത്തിന് ശേഷമാണ് കുടുംബം ഇന്‍സ്റ്റഗ്രാമിലൂടെ വിവരം പുറത്തുവിട്ടത്.
ഒരു വര്‍ഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഈ പ്രതിസന്ധികളെ മറികടക്കാന്‍ അനന്യ ശക്തമായി പോരാടിയിരുന്നുവെന്നും കുടുംബം ഇന്‍സ്റ്റഗ്രാം സന്ദേശത്തില്‍ പറഞ്ഞു. ഉറക്കത്തിനിടെ സമാധാനപരമായാണ് മരണം സംഭവിച്ചതെന്നും കുടുംബം വ്യക്തമാക്കി. അനന്യയുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു.
മുംബൈയില്‍ വളര്‍ന്ന അനന്യ സംഗീത വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2016ല്‍ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 'ദി ഫൈനല്‍ എക്സിറ്റ്', 'ഗോസ്റ്റ്' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഹിന്ദി സിനിമകള്‍ക്ക് പുറമെ തെലുങ്ക് സിനിമകളിലും അനന്യ രാജ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 27-ാം വയസ്സില്‍ നടിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും വേദനയുണ്ടാക്കുകയാണ്.