CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 7 Seconds Ago
Breaking Now

പ്രേത ഭയം മൂലം 600 ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടു ; അമരാവതിയിലെ സ്‌കൂളില്‍ അസാധാരണ പ്രതിസന്ധി

ജൂലൈ 22ന് നാലു പെണ്‍കുട്ടികള്‍ അസ്വാഭാവികമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഒരു ഗോത്ര വര്‍ഗ്ഗ സ്‌കൂളില്‍ അസാധാരണമായ പ്രതിസന്ധി. ഹോസ്റ്റലില്‍ പ്രേതബാധ ഉണ്ടെന്ന ഭീതിയെ തുടര്‍ന്ന് ഏകദേശം 600 ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ചിക്കല്‍ദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആകെ 810 വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിക്കുന്നത്.

ജൂലൈ 22ന് നാലു പെണ്‍കുട്ടികള്‍ അസ്വാഭാവികമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം.

പെണ്‍കുട്ടികള്‍ നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്തതോടെയാണ് ഹോസ്റ്റലില്‍ എന്തോ ബാധയുണ്ടെന്ന പ്രചാരണം ശക്തമായത്. ചില കുട്ടികള്‍ പാദസരത്തിന്റെ കിലുക്കം കേട്ടതായും അവകാശപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മിക്ക കുട്ടികളും ഹോസ്റ്റല്‍ ഉപേക്ഷിച്ചു. എന്നാല്‍ പെണ്‍കുട്ടികളുടെ ഈ അവസ്ഥയ്ക്ക് പിന്നില്‍ മാനസിക സമ്മര്‍ദ്ദമാണെന്നും അമാനുഷികമായി ഒന്നുമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പറയുന്നു.

ഇത് മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട സെലക്ടീവ് ഹിസ്റ്റിരീയ പോലുള്ള ഒരവസ്ഥയാകുമെന്നാണ് ഔദ്യോഗിക നിഗമനം. നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ പടരുന്ന പലതരം കഥകള്‍ ഈ ഭീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു മഹുവ മരം മുറിച്ചുമാറ്റിയതോടെ അതില്‍ വസിച്ചിരുന്ന ആത്മാക്കള്‍ കോപിച്ചുവെന്നാണ് പ്രചാരണം. കൂടാതെ സ്‌കൂളിലെ ഡ്രെയിനേജ് പൈപ്പുകള്‍ തങ്ങളുടെ പ്രധാന ദേവന്റെ ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നത് ദൈവത്തെ പ്രകോപിപ്പിച്ചുവെന്നും ചിലര്‍ വിശ്വസിക്കുന്നു.

സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് നടത്തി. അന്ധവിശ്വാസങ്ങളില്‍ ഉള്‍പ്പെടാതെ വിദ്യാര്‍ത്ഥികള്‍ ഭയക്കാതെ ക്ലാസുകളില്‍ മടങ്ങിയെത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.