
















ലഡാക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ ക്ഷമാപണം നടത്തി യുവതി. ഇന്ത്യന്‍ സൈന്യത്തോടും ജമ്മു കശ്മീര്‍, ലഡാക്ക് പൊലീസിനോടും താന്‍ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നു. ഇന്ത്യന്‍ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡില്‍ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലാണ് ലഡാക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ റോഡ് അടച്ചതിനെത്തുടര്‍ന്നാണ് യുവതി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. ഞങ്ങള്‍ ജെന്‍സീയാണെന്നും ഈ അസംബന്ധങ്ങള്‍ ഞങ്ങള്‍ ഒരിക്കലും സഹിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു. ഈ വാക്കുകളും യുവതിയുടെ ദൃശ്യങ്ങളുമാണ് പിന്നീട് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. സംഭവത്തില്‍ വിമര്‍ശനം രൂക്ഷമായതിന് പിന്നാലെയാണ് 25-കാരി ക്ഷമാപണവുമായി രംഗത്തെത്തിയത്.
ജൂലായ് 26-ന് കാര്‍ഗില്‍ വിജയ് ദിവസ് ദിനത്തില്‍ ദ്രാസിലെ മിനിമാര്‍ഗ് ചെക്‌പോസ്റ്റിന് സമീപത്തായാണ് ഈ സംഭവമുണ്ടായത്. സുരക്ഷാകാരണങ്ങളാല്‍ മേഖലയിലെ റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതോടെ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം റോഡില്‍ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെയാണ് വിനോദസഞ്ചാരിയായ 25-കാരി സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. സംഭവസമയത്ത് ഒരു മന്ത്രിയുടെ വാഹനമടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറ്റിവിട്ടതോടെയാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം, രോഗി കൂടിയായ തനിക്ക് ശുചിമുറിയില്‍ പോലും പോകാന്‍ കഴിയാതെ ആറുമണിക്കൂറോളം റോഡില്‍ കിടക്കേണ്ടിവന്നെന്നാണ് യുവതി പറയുന്നത്. ഇതേത്തുടര്‍ന്നുണ്ടായ കടുത്ത നിരാശയിലാണ് അങ്ങനെയെല്ലാം സംഭവിച്ചത്. പക്ഷേ, താന്‍ പറഞ്ഞത് തെറ്റായിപ്പോയി. താന്‍ ഒരു സാധാരണക്കാരിയാണ്. ഇത് ഇത്രത്തോളം വലിയ പ്രശ്‌നമാകുമെന്ന് അറിയില്ലായിരുന്നു. ഇതിനുശേഷം കടുത്ത വിഷാദത്തിലായി. രാജ്യത്തെ എല്ലാവരോടും ഇന്ത്യന്‍ സൈന്യത്തോടും ജമ്മു കശ്മീര്‍, ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയോടും താന്‍ മാപ്പ് ചോദിക്കുന്നു. തന്റെ വാക്കുകള്‍ അനേകംപേരെ വേദനിപ്പിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും യുവതി പറഞ്ഞു.
ഞങ്ങള്‍ ജെന്‍സീ ആണെന്ന പ്രയോഗം സ്വാഭാവികമായി വന്നുപോയതാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. അവിടെയുണ്ടായിരുന്നവര്‍ പലതും പറഞ്ഞ് പ്രകോപിപ്പിച്ചപ്പോള്‍ അങ്ങനെ പറഞ്ഞുപോയതാണ്. ആ പ്രയോഗം എങ്ങനെ വന്നുവെന്ന് പോലും തനിക്കറിയില്ല. അബദ്ധവശാല്‍ പറഞ്ഞുപോയതാണ്. ജെന്‍സീയെ പരാമര്‍ശിച്ച് എന്തെങ്കിലും പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.