CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 56 Seconds Ago
Breaking Now

ഭര്‍ത്താവിനെ കുത്തിക്കൊന്ന് കുടല്‍ കവറിലാക്കി; കരളിന്റെ ഭാഗവും വൃക്കയും കാണാനില്ല; ഭാര്യ അറസ്റ്റില്‍

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഭാര്യ വിമല ദേവിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വയര്‍ വെട്ടിപ്പൊളിച്ച് ആന്തരിക അവയവങ്ങള്‍ കവറിലാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യ പിടിയില്‍. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഭാര്യ വിമല ദേവിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഹോവ റോഡില്‍ കുടിവെള്ള വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന രാജേഷും ഭാര്യ വിമലയും കുരുക്ഷേത്രയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീട്ടില്‍ നിന്ന് നിലവിളിയും ബഹളവും കേട്ട് വീട്ടുഉടമ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജേഷിന് സമീപം വിമല ഇയാളുടെ കുടലുകള്‍ പ്ലാസ്റ്റിക് കവറിലാക്കാന്‍ ശ്രമിക്കുന്നത് ഉടമ കാണുകയായിരുന്നു. ഇയാളെ കണ്ടതോടെ പരിഭ്രാന്തയായ വിമല വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ അതിക്രമത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കത്തി കൊണ്ട് നിരവധി തവണ കുത്തേറ്റ രാജേഷിന്റെ വയര്‍ 35 സെന്റീമീറ്ററോളം നീളത്തില്‍ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. ഇയാളുടെ കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള കത്തികള്‍ സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

വിമല ആഭിചാര ക്രിയകളിലും ദുര്‍മന്ത്രവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നതായി വീട്ടുഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ്, ആശുപത്രിയില്‍ ചികിത്സയിലുള്ള വിമലയുടെ ആരോഗ്യം തൃപ്തികരമാകുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.