
















ജോലിക്കാരിയായി വീട്ടിലെത്തി കാല്‍നൂറ്റാണ്ടിലേറെക്കാലം കുടുംബാംഗമായി ജീവിച്ച പാര്‍വതിയമ്മയ്ക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മം. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ. ജെ. ജേക്കബും കുടുംബവുമാണ് മതവിശ്വാസങ്ങളുടെ അതിരുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃകയായത്.'പായമ്മ' എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന പാര്‍വതിയമ്മ 88-ാം വയസ്സിലാണ് മരിച്ചത്. 2000ല്‍ ഫാ. ജേക്കബിന്റെ ഭാര്യയുടെ മരണശേഷം ആറുവയസ്സുകാരിയായ മകള്‍ മെറിനെ നോക്കുന്നതിനായാണ് ഇരുമ്പനം സ്വദേശിയായ പായമ്മ കുടുംബത്തിലെത്തിയത്. പിന്നീട് വീട്ടിലെ ജോലിക്കാരിയെന്ന നിലയില്‍ നിന്ന് കുടുംബത്തിലെ അവിഭാജ്യ അംഗമായി മാറുകയായിരുന്നു.

വീട്ടിലെ കാര്യങ്ങള്‍ കുടുംബനാഥയെപ്പോലെ നോക്കിനടത്തിയിരുന്നത് പായമ്മയായിരുന്നു. മെറിന്റെ വിവാഹദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയില്‍ ഒപ്പം നിന്നതും വിഷുക്കണിയൊരുക്കുന്നതുമടക്കമുള്ള പായമ്മയുടെ ചിത്രങ്ങള്‍ കുടുംബബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ പായമ്മ വീട്ടുകാര്യങ്ങളില്‍ സജീവമായിരുന്നുവെന്ന് ഫാ. ജേക്കബ് പറഞ്ഞു. ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം.

പായമ്മയുടെ ആഗ്രഹങ്ങളും വിശ്വാസവും മാനിച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഫാ. ജേക്കബും കുടുംബവും തീരുമാനിക്കുകയായിരുന്നു. ബന്ധുവായ സജീവ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതിന് പിന്നാലെ എരുവേലി ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. അതേസമയം, സംസ്‌കാരത്തിന് മുമ്പ് കടുങ്ങമംഗലം പള്ളി വികാരി ഫാ. സെബു പോള്‍ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാര്‍ഥനയും കുടുംബവീട്ടില്‍ നടന്നു.