
















ശമ്പള കുടിശ്ശിക നല്‍കാത്തതിന് കടയിലെ 24 കോടിയുടെ തുണിത്തരങ്ങള്‍ കത്തിച്ച് മുന്‍ ജീവനക്കാരന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കടകള്‍ക്ക് തീവെച്ചത് മുന്‍ അക്കൗണ്ടന്റായ വിനോദ് സാല്‍വെയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നവരാത്രി, ദീപാവലി വിപണി മുന്നില്‍ക്കണ്ട് ഡെലിവറിക്കായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. 24 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയായ വിനോദ് സാല്‍വെ ടെക്‌സ്‌റ്റൈല്‍സില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. സ്ഥാപനത്തിലെ ഉടമയും സീനിയര്‍ അക്കൗണ്ടന്റും നിരന്തരം തന്നെ ശല്യപ്പെടുത്തുകയും ശമ്പളത്തിന്റെ ഒരു ഭാഗം തടഞ്ഞുവെക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
കഴിഞ്ഞ ഏപ്രിലില്‍ 30,000 രൂപ ശമ്പളത്തിലാണ് സാല്‍വെ ഇവിടെ ജോലിക്ക് കയറിയത്. എന്നാല്‍ തന്നെ നിരന്തരം കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഇയാള്‍ ജോലി ഉപേക്ഷിച്ചു. തനിക്ക് ലഭിക്കാനുള്ള 10,000 രൂപയുടെ കുടിശ്ശിക ശമ്പളം ആവശ്യപ്പെട്ടെങ്കിലും സീനിയര്‍ അക്കൗണ്ടന്റ് പലതവണ ഒഴിവുകഴിവുകള്‍ പറഞ്ഞ് വൈകിപ്പിച്ചിരുന്നു. ഇതില്‍ ജീവനക്കാരന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.
സംഭവത്തിന് തലേദിവസം ദിന്‍ഡോളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് 150 രൂപയുടെ പെട്രോള്‍ വാങ്ങിയതായി സാല്‍വെ പൊലീസിനോട് സമ്മതിച്ചു. കടകളെല്ലാം അടച്ചതിന് ശേഷം മാര്‍ക്കറ്റിന്റെ ആറാം നിലയിലെത്തിയ ഇയാള്‍ ഡെലിവറിക്കായി വെച്ചിരുന്ന സാരികളും മറ്റ് തുണിത്തരങ്ങളുടെ പാക്കറ്റുകള്‍ക്ക് മേല്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
തീവെപ്പിന് ശേഷം രാജസ്ഥാനിലേക്കും അയോധ്യയിലേക്കും പോയ പ്രതി, ഞായറാഴ്ച രാത്രിയാണ് സൂറത്തില്‍ നിന്ന് മടങ്ങിയെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിന്‍ഡോളിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്.
സെപ്റ്റംബര്‍ 8-ന് രാത്രി 12:50-ഓടെയാണ് തീപിടിത്തമുണ്ടായത്. 14 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് അ?ഗ്‌നിരക്ഷാസേന തീ അണച്ചത്. ആറാം നിലയിലെ മുഴുവന്‍ കടകളും പൂര്‍ണമായി കത്തിനശിക്കുകയും അഞ്ചാം നിലയിലെ ചില കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.