
















ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചതിന് പിന്നാലെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുതിന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബര്‍ 13ന് സ്വരൂപ് നഗറിലെ കുഷക് റോഡിന് സമീപമുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പുറത്തുകിടന്നതിനാല്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഒരു കൈ ശരീരത്തില്‍നിന്ന് വേര്‍പെട്ട നിലയിലും കണ്ടെത്തി.
പെണ്‍കുട്ടിക്ക് പ്രതികളിലൊരാളുമായി പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ടെംപോ വാഹനത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
പ്രദേശത്തെ 50ലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ടെംപോയും രണ്ട് കത്തികളും പ്രതികളുടെ വസ്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.