CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 12 Seconds Ago
Breaking Now

ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ്; ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടിയെന്ന് ആരോപണം ; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനിയായ അഞ്ജലി (28) ആണ് മരിച്ചത്.

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതി പ്രസവത്തിന് പിന്നാലെ മരിച്ചു. സംഭവത്തില്‍ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനിയായ അഞ്ജലി (28) ആണ് മരിച്ചത്.

മോഷണക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഗൗരവിനെ അന്വേഷിച്ചാണ് ഞായറാഴ്ച രാത്രി 11.45ഓടെ പൊലീസ് സംഘം അഞ്ജലിയുടെ വീട്ടിലെത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അഞ്ജലി പൊലീസിനോട് അഭ്യര്‍ഥിക്കുന്നതിനിടെ, സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ ധര്‍മപാല്‍ സിങ് യുവതിയുടെ വയറ്റില്‍ ചവിട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ചവിട്ടേറ്റതിനെ തുടര്‍ന്ന് അഞ്ജലി നിലത്ത് വീണെന്നും തുടര്‍ന്ന് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നും കുടുംബം പറയുന്നു. ആരോഗ്യനില വഷളായതോടെ അഞ്ജലിയെ ഷിക്കോഹാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അഞ്ജലിയുടെ മരണത്തിന് പിന്നാലെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാംജിലാല്‍ സുമന്റെ നേതൃത്വത്തില്‍ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.