CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 9 Seconds Ago
Breaking Now

യുവത്വത്തിന്റെ വിശ്വാസ പ്രഘോഷണ വേദിയായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന സംഗമം ഹന്ദൂസ 2026

1300 ലധികം യുവജനങ്ങള്‍ പങ്കെടുത്ത സംഗമം പ്രാര്‍ത്ഥനയും സംഗീതവും കലാപരിപാടികളും സൗഹൃദക്കൂട്ടായ്മയും നിറഞ്ഞ ദിനമായി മാറി

ലെസ്റ്റര്‍ .പ്രാര്‍ഥനയുടെ ശാന്തതയും സംഗീതത്തിന്റെ ഉണര്‍വും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിച്ചപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ യുവജന സംഗമമായ 'ഹന്ദൂസ 2026 'മനോഹരമായ  വിശ്വാസ പ്രഖ്യാപന വേദിയായി മാറി .  ലെസ്റ്റെറിലെ മഹര്‍ സെന്ററില്‍ രൂപതയുടെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നായി 1300 ലധികം  യുവജനങ്ങള്‍ പങ്കെടുത്ത   സംഗമം  പ്രാര്‍ത്ഥനയും സംഗീതവും കലാപരിപാടികളും സൗഹൃദക്കൂട്ടായ്മയും നിറഞ്ഞ ദിനമായി മാറി

സപ്രാ പ്രാര്‍ത്ഥനയോടും ദിവ്യകാരുണ്യ ആരാധനയോടും കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.  രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വൈദികര്‍ സഹ കാര്‍മ്മികര്‍  ആയി .വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള സന്ദേശത്തില്‍  ക്രൈസ്തവജീവിതത്തില്‍ ഈശോയ്ക്കുള്ള കേന്ദ്രസ്ഥാനം പിതാവ് ഓര്‍മിപ്പിച്ചു. ഈശോയെ അറിയുന്നതിലും അവിടുത്തോടു വ്യക്തിപരമായ സൗഹൃദം പുലര്‍ത്തുന്നതിലുമാണ് യഥാര്‍ഥ സന്തോഷമെന്നും വിശുദ്ധ കുര്‍ബാനയുടെ സൗന്ദര്യം തിരിച്ചറിഞ്ഞ് വിശ്വാസം ആനന്ദത്തോടെ  ജീവിക്കണമെന്നും അദ്ദേഹം  യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉള്ള സമയം ബാന്‍ഡ് നയിച്ച  ആരാധനാഗാനങ്ങള്‍ സംഗമത്തിന് ആവേശം പകര്‍ന്നു. എസ്എംവൈഎം രൂപത  ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട്ടും രൂപത എസ്എംവൈഎം പ്രസിഡന്റ് ഡെറിക് ഷൈന്‍  എന്നിവര്‍ പ്രസംഗിച്ചു . യുവജനങ്ങള്‍ രൂപതയുടെ ഭാവി മാത്രമല്ല, രൂപതയുടെ ഇന്നിന്റെ ഭാഗം തന്നെയാണെന്ന് ഫാ. മുക്കാട്ട് ഓര്‍മിപ്പിച്ചു. തുടര്‍ന്ന് നടന്ന സൗഹൃദപരിചയ പരിപാടികളും യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിന് അവസരമൊരുക്കി.

വിവിധ റീജിയനുകളിലെ യുവജനങ്ങളുടെ കഴിവുകളും സാംസ്‌കാരിക പൈതൃകവും അവതരിപ്പിച്ച നസ്രാണി സാംസ്‌കാരിക പരിപാടി ദിനത്തിലെ മറ്റൊരു ആകര്‍ഷണമായി. മത്സരത്തില്‍ കാന്റര്‍ബറി  ഒന്നാം സ്ഥാനവും പ്രസ്റ്റണ്‍ രണ്ടാം സ്ഥാനവും ബര്‍മിംഗ്ഹാം മൂന്നാം സ്ഥാനവും നേടി. പരിപാടിയുടെ സമാപനത്തില്‍ അമേരിക്കന്‍ സീറോ മലബാര്‍ റാപ്പര്‍ പ്രോഡിജില്‍ അവതരിപ്പിച്ച ഗാനങ്ങളും യുവജനങ്ങളെ ആവേശത്തിലാഴ്ത്തി. രൂപത ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട്ട് ,ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലശ്ശേരി വി സി , വിവിധ ഇടവക /മിഷന്‍/പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള വൈദികര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു .

''Awakened by Ruha. Anchored in Discipline' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. 'ആത്മാവ്' എന്നര്‍ഥമുള്ള സുറിയാനി പദമായ 'റൂഹാ'യെ ആധാരമാക്കിയ പ്രമേയം, വിശ്വാസത്തില്‍ ഉണരാനും ഈശോയില്‍നിന്നുള്ള യഥാര്‍ഥ ആനന്ദം കണ്ടെത്താനും യുവജനങ്ങളെ ക്ഷണിച്ചു. അടുത്ത ഹന്ദൂസ 2027 സെപ്റ്റംബര്‍ 25ന് നടക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.