
















യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍. നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷിനെ താക്കീത് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിട്ടതിലടക്കം അതൃപ്തി അറിയിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ് ഐ ഗോകുലിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
അതേസമയം, സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ തീരുമാനം. മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ക്കെതിരെ പരാതി നല്‍കും. മന്ത്രിയെയും എംപിയെയും പ്രതിയാക്കണമെന്നാണ് ആവശ്യം. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് ഇവരാണെന്നും സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചില്ലെന്നുമാണ് ആരോപണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ വേണു എന്ന വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കുക.
തലസ്ഥാനത്തെ പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് എസ്എഫ്ഐ പൊതു താല്പര്യഹര്‍ജിയും നല്‍കും. എസ്എഫ്ഐ നേതാക്കളെ പൊലീസ് തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയാണ്. തിരുവനന്തപുരത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണം. കന്റോണ്‍മെന്റ് സിഐയ്ക്കും എസ്ഐക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. പൊലീസുകാരുടെ വീടുകളിലേക്കുള്ള പ്രതിഷേധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.