CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 50 Seconds Ago
Breaking Now

കേരള ടൂറിസത്തിന്റെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം; പ്രവാസികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്; ലണ്ടനിലെ ഐഒസി യുകെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി

കേരളത്തിലേക്ക് ഡയറക്ട് ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഐഒസി കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കി.

ലണ്ടന്‍. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേരള ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രവാസി മലയാളികള്‍ ഓരോരുത്തരും കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ മന്ത്രിയുമായി ഐഒസി കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന. ലണ്ടനിലെ ഷെഫ് ജോമോണ്‍സ് വീട് റെസ്റ്റോറന്റില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു.

 കേരളത്തിന്റെ പ്രകൃതിഭംഗി, സാംസ്‌കാരിക പൈതൃകം, ആയുര്‍വേദം, ഉത്തരവാദിത്ത ടൂറിസം, പരമ്പരാഗത കലാരൂപങ്ങള്‍, ഭക്ഷ്യവൈവിധ്യം തുടങ്ങിയ മേഖലകളെ ആഗോള ടൂറിസം വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത മുഖാമുഖത്തില്‍ ചര്‍ച്ചയായി. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നൂതനമായ പ്രചാരണ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രവാസി മലയാളികളുടെ അന്താരാഷ്ട്ര ബന്ധങ്ങളും അനുഭവസമ്പത്തും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. കേരളത്തിന്റെ ആതിഥ്യമര്യാദയും സാംസ്‌കാരിക വൈവിധ്യവും വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്തുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

 

 കേരളത്തിലേക്ക് ഡയറക്ട് ഫ്‌ലൈറ്റ് സര്‍വീസ്; മന്ത്രിക്ക് നിവേദനം

കേരളത്തിലേക്ക് ഡയറക്ട് ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഐഒസി കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കി. പ്രവാസി മലയാളികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏറെ പ്രയോജനകരമാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്ര വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

കേരള ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ റോഡ്‌ഷോകളും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനത് സംസ്‌കാരവും ആഘോഷങ്ങളും വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 പ്രവാസികളുടെ പിന്തുണ അഭ്യര്‍ഥിച്ച് മന്ത്രി; ഇന്ദിരാ ഗ്യാരന്റി പദ്ധതികള്‍ നടപ്പാക്കിവരുന്നു

 മറുപടി പ്രസംഗത്തില്‍ പ്രവാസി മലയാളികളുടെ രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തത്തെയും മന്ത്രി പരാമര്‍ശിച്ചു. പ്രവാസലോകത്തുനിന്ന് യു.ഡി.എഫിന്റെ വിജയത്തിനായി അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ ഇനിയും യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിലെ ഓരോ പദ്ധതിയും നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 കേരള ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികളുടെ സഹകരണവും പങ്കാളിത്തവും ടൂറിസം വികസനത്തിനായി കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും അധ്യക്ഷ പ്രസംഗം നടത്തിയ കേരള ചാപ്റ്റര്‍ (ലണ്ടന്‍) പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ അഭിപ്രായപ്പെട്ടു. ഐഒസി നാഷണല്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റര്‍ (മിഡ്‌ലാന്‍ഡ്‌സ്) പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരള ചാപ്റ്റര്‍ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ഡോ. ജോഷി ജോസ്, വൈസ് പ്രസിഡന്റ് അപ്പാ ഗഫൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ്, യുത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം, നാഷണല്‍ കമ്മിറ്റി അംഗം സുനില്‍ രവീന്ദ്രന്‍, പിആര്‍ ഒ അജി ജോര്‍ജ്, പ്രസാദ് കൊച്ചുവിള, ജോസഫ് കൊച്ചുപുരക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നാഷണല്‍ കമ്മിറ്റി അംഗം റോണി ജേക്കബ് നന്ദി അറിയിച്ചു. ഷിജന്‍ ജോസ് ജോസഫ്, ഹിഷാം ജിബു, അഭിഷേക് റോയ്, ബിബിന്‍ ബോബച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള ടൂറിസത്തിന്റെ വികസനത്തില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കേരളവും വിദേശ മലയാളി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങള്‍ പങ്കുവെച്ചാണ് മുഖാമുഖം പരിപാടി സമാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.