
















2020നും 2070നും ഇടയില്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ ഏകദേശം 57 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനറിപ്പോര്‍ട്ട്. മുസ്ലിം സ്ത്രീകളുടെ ശരാശരി പ്രസവനിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരികയും ഹിന്ദുമുസ്ലിം ജനനനിരക്കുകള്‍ തമ്മിലുള്ള അന്തരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വര്‍ധനവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.മുസ്ലിം ജനസംഖ്യയിലെ യുവാക്കളുടെ ഉയര്‍ന്ന അനുപാതമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2020ല്‍ ഇന്ത്യയിലെ മുസ്ലിംകളുടെ ശരാശരി പ്രായം 24 വയസ്സായിരുന്നു. ഹിന്ദുക്കളുടേത് 29 വയസ്സും. താരതമ്യേന ചെറുപ്പക്കാരുടെ എണ്ണം കൂടുതലായതിനാല്‍ വരും ദശകങ്ങളില്‍ ജനനനിരക്ക് കുറഞ്ഞാലും മുസ്ലിം ജനസംഖ്യയില്‍ വര്‍ധന തുടരുമെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ ഏകദേശം 15 ശതമാനമാണ് മുസ്ലിംകള്‍. 2070ഓടെ ഇത് 20 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. അതേസമയം, രാജ്യത്തെ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ മുക്കാല്‍ ഭാഗത്തിലധികം തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നവംബര്‍ 18ന് പുറത്തിറക്കിയ 'ദ ഫ്യൂച്ചര്‍ ഓഫ് വേള്‍ഡ് റിലീജിയന്‍സ്: പോപ്പുലേഷന്‍ ഗ്രോത്ത് പ്രൊജക്ഷന്‍സ്, 20202070' എന്ന പഠനത്തിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഏഴ് മതവിഭാഗങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയാണ് പഠനം വിലയിരുത്തുന്നത്.
2070ഓടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയെ പാകിസ്ഥാന്‍ മറികടന്ന് ഒന്നാമതെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ആഗോളതലത്തില്‍ 2020നും 2070നും ഇടയില്‍ മുസ്ലിം ജനസംഖ്യയില്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്നും പഠനം പറയുന്നു. 2035ഓടെ ക്രിസ്ത്യാനികളെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മുസ്ലിംകള്‍ മാറുമെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ പ്രവചിക്കുന്നു.