CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 50 Seconds Ago
Breaking Now

പ്രതികള്‍ക്ക് ജാമ്യം; ഭയന്ന് ബില്‍ക്കിസ് ബാനോയും കുടുംബവും ഗുജറാത്ത് വിട്ടു

നേരത്തെയും സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് കുടുംബം താമസസ്ഥലം മാറിയിരുന്നെങ്കിലും ഗുജറാത്തില്‍ത്തന്നെ തുടരുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത ബില്‍ക്കിസ് ബാനോയും കുടുംബവും ഗുജറാത്ത് വിട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ സുരക്ഷാഭീതി മൂലമാണ് കുടുംബം സംസ്ഥാനം വിട്ടതെന്ന് ബന്ധു അറിയിച്ചു.നവംബര്‍ 2, 3 തീയതികളോടെയാണ് ബില്‍ക്കിസും കുടുംബവും ഗുജറാത്ത് വിട്ടതെന്ന് അമ്മാവന്‍ അബ്ദുല്‍ റസാഖ് മന്‍സൂരി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഒക്ടോബര്‍ 28ലെ ഉത്തരവ് കുടുംബത്തെ ഭയത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് കുടുംബം താമസസ്ഥലം മാറിയിരുന്നെങ്കിലും ഗുജറാത്തില്‍ത്തന്നെ തുടരുകയായിരുന്നു.

ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 2008ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ രണ്ടുപേര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ബിപിന്‍ചന്ദ്ര ജോഷി, പ്രദീപ് മോദിയ എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷ കോടതി താല്‍ക്കാലികമായി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നത് പരിഗണിച്ചായിരുന്നു നടപടി.

അതേസമയം, കോടതി ഉത്തരവില്‍ കടുത്ത നിരാശയും ഞെട്ടലും രേഖപ്പെടുത്തി ബില്‍ക്കിസ് ബാനോ രംഗത്തെത്തി. തന്റെ ഭാഗം കേള്‍ക്കുകയോ ഉത്തരവിനെക്കുറിച്ച് അറിയിക്കുകയോ ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് അവര്‍ ആരോപിച്ചു. തനിക്കും കുടുംബത്തിനും കുട്ടികള്‍ക്കും വീണ്ടും ഭയം നേരിടേണ്ടിവരികയാണെന്നും ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.

2002ലെ ഗുജറാത്ത് കലാപസമയത്ത് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോയ്ക്ക് നേരെയായിരുന്നു ക്രൂരമായ ആക്രമണം. അന്ന് 19 വയസ്സായിരുന്നു പ്രായം. മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്. 2022ല്‍ ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികള്‍ക്കും ശിക്ഷായിളവ് നല്‍കി മോചിപ്പിച്ചിരുന്നു. എന്നാല്‍ 2024 ജനുവരിയില്‍ സുപ്രീംകോടതി ഈ ശിക്ഷായിളവ് റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലേക്ക് അയച്ചിരുന്നു.

24 വര്‍ഷമായി നീതിക്കുവേണ്ടി പോരാടുന്ന തനിക്ക് വീണ്ടും ഭയം നേരിടേണ്ടിവരുന്നതായും കുട്ടികള്‍ ഭീതിയോടെ ജീവിക്കേണ്ടിവരരുതെന്ന ലക്ഷ്യത്തോടെ പോരാട്ടം തുടരുമെന്നും ബില്‍ക്കിസ് ബാനോ വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.