
















ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ലഷ്‌കറെ തയിബയുടെ പ്രധാന കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കുടുങ്ങി. ഭട്ടിനെ വളഞ്ഞ സുരക്ഷാസേന വിഡിയോ കോള്‍ വഴി ബന്ധപ്പെട്ട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഏറ്റുമുട്ടലില്‍ സൈന്യം ഭട്ടിനെ വധിച്ചു.
'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഡിയോ കോളിലൂടെ ഭട്ടിനോട് പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ 'എനിക്ക് അല്ലാഹുവിനെ കാണണം, ഞാന്‍ വളരെ സന്തോഷവാനാണ്' എന്നായിരുന്നു ഭട്ടിന്റെ മറുപടി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല.
നവംബര്‍ 11ന് കുല്‍ഗാമിലെ അഖ്‌റാനിലുള്ള സിആര്‍പിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ലത്തീഫ് ഭട്ടും കൂട്ടാളി ഉമര്‍ നിസാര്‍ ദറും ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് മുമ്പ് ഇരുവരും വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.തിങ്കളാഴ്ച കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭട്ടിന്റെ കൂട്ടാളി ഉമര്‍ നിസാര്‍ ദര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഭട്ട് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ വീണ്ടും കണ്ടെത്തി വളഞ്ഞത്. ഉമര്‍ കഴിഞ്ഞ അഞ്ച് മുതല്‍ ആറുമാസമായി ഭട്ടിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.
പള്ളിക്കുള്ളില്‍നിന്ന് ഭട്ട് സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെ ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ആരാധനാലയത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ പരമാവധി സംയമനം പാലിച്ചാണ് സുരക്ഷാസേന നീങ്ങുന്നത്.