CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 4 Seconds Ago
Breaking Now

ഹൊദൈദയ്ക്ക് പിന്നാലെ ജിദ്ദയും ലക്ഷ്യം? സൗദിക്ക് ഹൂതികളുടെ മുന്നറിയിപ്പ്; ചെങ്കടലില്‍ സംഘര്‍ഷം കടുക്കുന്നു

ചെങ്കടല്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

യെമനില്‍ ഹൂതി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും ശക്തമാകുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തി. ആയുധക്കടത്ത് തടയുന്നതിനായാണ് തുറമുഖം ലക്ഷ്യമിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി. സനയിലെ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലും വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചെങ്കടല്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

ഹൊദൈദ തുറമുഖത്ത് പ്രത്യേക സൈനിക നടപടി ആരംഭിച്ചതായും പ്രദേശത്തെ സാധാരണക്കാര്‍ ഒഴിഞ്ഞുപോകണമെന്നും സൗദി സഖ്യസേന അറിയിച്ചു. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താന്‍ ഹൂതികള്‍ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍, ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും ആക്രമിച്ചതായും സഖ്യസേന അവകാശപ്പെട്ടു.

അതേസമയം, സൗദിക്ക് നേരെ എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ ഉള്‍പ്പെടെയുള്ള സൗദിയുടെ ചെങ്കടല്‍ തീരത്തെ തുറമുഖങ്ങള്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.

ഹൊദൈദ തുറമുഖത്തിന് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ചെങ്കടല്‍ തീരത്തെ സൗദിയുടെ എല്ലാ തുറമുഖങ്ങളും ലക്ഷ്യമിടുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി എക്‌സിലൂടെ വ്യക്തമാക്കി. സൗദി തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടന്‍ ഒഴിഞ്ഞുപോകണമെന്നും കപ്പല്‍ കമ്പനികള്‍ തങ്ങളുടെ കപ്പലുകള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൂതികളുടെ ഭീഷണിയോടെ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.