CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 56 Seconds Ago
Breaking Now

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയി 17 കാരന്‍; കാറിന് പൂട്ടിട്ട് പൊലീസ്; പൂട്ട് പൊളിച്ച പ്രതിയും അറസ്റ്റില്‍ ; വാഹനത്തിന്റെ ഉടമ വിദേശത്ത്

പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് വിദേശത്തുള്ള ആര്‍സി ഉടമയ്‌ക്കെതിരേ കേസെടുത്ത പോലീസ്, ഇയാളുടെ മൊഴിയെടുക്കാനുള്ള തുടര്‍ നടപടികള്‍ തുടങ്ങി.

പൊന്നുരുന്നിയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്താതെപോയി പതിനേഴുകാരന്‍. തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ കാര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാല്‍ അടുത്ത ദിവസം ഈ പൂട്ട് തകര്‍ത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കടവന്ത്ര എസ്‌ഐ അതുല്‍ രാജിന്റെ നേതൃത്വത്തില്‍ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഈ കാര്‍ പൊന്നുരുന്നി റെയില്‍വേ മാര്‍ഷല്‍ യാര്‍ഡിന് സമീപം പാര്‍ക്ക് ചെയ്ത രീതിയില്‍ കണ്ടെത്തി. തുടര്‍നടപടികള്‍ക്കായി പൊലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു. എന്നാല്‍, പിറ്റേന്ന് രാവിലെ പൊലീസെത്തിയപ്പോള്‍ ഈ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.

തുടര്‍ന്ന് ആര്‍സി ഉടമയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. വിദേശത്തുള്ള ആര്‍സി ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ തങ്ങളറിയാതെയാണ് 17 കാരന്‍ വാഹനമെടുത്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

പൊലീസ് വാഹനം ലോക്ക് ചെയ്ത് മടങ്ങിയ ശേഷം കൗമാരക്കാരന്‍ വീണ്ടും കാറിനടുത്തെത്തുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ദീപക് പൂട്ട് പൊളിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും കൗമാരക്കാരന്‍ അത് നിരസിച്ചു. കൗമാരക്കാരന്‍ മടങ്ങിയ ശേഷം ദീപക് ലോക്ക് തകര്‍ത്തുവെന്നാണ് പോലീസിന്റെ കണ്ടത്തല്‍. കടവന്ത്ര സ്റ്റേഷനിലെത്തിയ പതിനേഴുകാരനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് വിദേശത്തുള്ള ആര്‍സി ഉടമയ്‌ക്കെതിരേ കേസെടുത്ത പോലീസ്, ഇയാളുടെ മൊഴിയെടുക്കാനുള്ള തുടര്‍ നടപടികള്‍ തുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.