CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 25 Seconds Ago
Breaking Now

കുക്കികള്‍ തയ്യാറാക്കി വിറ്റ ആരിഷും പോക്കറ്റ് മണി നല്‍കിയ ആദ്രിയും കൈയ്യടിയേറ്റുവാങ്ങി ; ലിവര്‍പൂളില്‍ 'കാരുണ്യ സ്പര്‍ശം' ചാരിറ്റി ഫുഡ് ചലഞ്ചിന് പരിസമാപ്തി

റാഫിള്‍ നറുക്കെടുപ്പിലെ വിജയികള്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്കായി തിരികെ നല്‍കിയത് ചടങ്ങിലെ ഏറെ മാതൃകാപരമായ നിമിഷമായി മാറി.

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഫുഡ് ചലഞ്ചും റാഫിള്‍ നറുക്കെടുപ്പും മേഴ്‌സിസൈഡ് മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. 

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി  എന്ന അപൂര്‍വ്വ ജനിതക രോഗത്തോട് പൊരുതുന്ന കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായി ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ടുവെച്ച ജോയ് അഗസ്റ്റിക്ക് ആദ്യത്തെ ബിരിയാണി കൈമാറിക്കൊണ്ട് ലിമ പ്രസിഡന്റ് ബിജു ജോര്‍ജ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലിമ സെക്രെട്ടറി ബ്ലെസ്സണ്‍ രാജന്‍, ജോയ് അഗസ്റ്റി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ട്രഷറര്‍ ജോസ് മാത്യു നന്ദി പറഞ്ഞു.

ചടങ്ങില്‍ രണ്ട് കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം പോക്കറ്റ് മണി ചാരിറ്റിയിലേക്ക് നല്‍കിയ ആദ്രികയെയും, ചാരിറ്റി ഫണ്ടിലേക്ക് തുക സ്വരൂപിക്കുന്നതിനായി കുക്കികള്‍ തയ്യാറാക്കി വിറ്റ ആരിഷിനെയും സദസ്സ് നിറഞ്ഞ കയ്യടികളോടെ അഭിനന്ദിച്ചു.പരിപാടി നടത്തുന്നതിനായി വേദി നല്‍കിയ ലിവര്‍പൂളിലെ സെയിന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിനും സംഘാടകര്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു.

ലിവര്‍പൂളിലെ ഗായകരുടെ ശ്രവണ മനോഹരമായ ഗാനങ്ങള്‍ ചടങ്ങിന് മിഴിവേകി. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ ഭക്ഷണം വിളമ്പുന്നതിനും സ്റ്റാളുകള്‍ ക്രമീകരിക്കുന്നതിനുമായി പ്രവര്‍ത്തിച്ച ലിമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനവും ശ്രദ്ധേയമായി.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി വാരാക്കുടി, ലിമയുടെ സ്പോണ്‍സറായ വിനോദ് (ഹോം ഫുഡ് ഏഷ്യ ലിമിറ്റഡ്), ലിമ മുന്‍ ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് റാഫിള്‍ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം റോജി നേടിയപ്പോള്‍ രണ്ടാം സമ്മാനം ധിനോ കുര്യനും, മൂന്നാം സമ്മാനം ജോസും കരസ്ഥമാക്കി

റാഫിള്‍ നറുക്കെടുപ്പിലെ വിജയികള്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്കായി തിരികെ നല്‍കിയത് ചടങ്ങിലെ ഏറെ മാതൃകാപരമായ നിമിഷമായി മാറി. വിജയികളുടെ ഈ ഉദാരമനസ്‌കതയെ സദസ്സ് നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്.




കൂടുതല്‍വാര്‍ത്തകള്‍.