സംഗീതത്തിന്റെ, നൃത്തത്തിന്റെ ചടുലതാളങ്ങള്‍ ഏറ്റുവാങ്ങി ഹൃദയം നിറച്ച് യുകെ മലയാളികള്‍. നോര്‍ത്താംപ്ടണ്‍ഷെയറിലേക്ക് ഒഴുകിയെത്തിയ കലാസ്വാദകര്‍ക്ക് വിഭവസമൃദ്ധമായ അനുഭവമാണ് യുകെയിലെ പ്രശസ്തരായ കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന് ഒരുക്കിയ ട്യൂണ്‍ ഓഫ് ആര്‍ട്‌സിന്റെ മയൂര ഫെസ്റ്റ് 2019 സമ്മാനിച്ചത്.
ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ യുകെയിലെ പ്രശസ്ത മലയാളി വ്യവസായിയും, ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മാനുവല്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ മുന്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ട്യൂണ്‍ ഓഫ് ആര്‍ട്‌സ് ബ്രാന്റ് അംബാസിഡര്‍ ഡോ. ബൈജു മാധവന്‍, ഫോക്കസ് ഇൻഷുറൻസ് ഡയറക്ടർ ഷിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ട്യൂണ്‍ ഓഫ് ആര്‍ട്‌സിന്റെ പ്രഥമ ഹോണററി അവാര്‍ഡ് സുഭാഷ് മാനുവലിന് നല്‍കി ആദരിച്ചു. യുകെയിലെ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായ പ്രശസ്ത ഡിജെ ബിനു നോര്‍ത്താംപ്ടണെയും കലാസാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനത്തിന് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് ആദരിച്ചു.
ഹൃദയം കീഴടക്കുന്ന ലൈവ് മ്യൂസിക്കും, ആവേശം ജനിപ്പിക്കുന്ന നൃത്ത കലാരൂപവും വേദിയില്‍ അവതരിപ്പിച്ചാണ് യുകെ മലയാളികള്‍ക്കിടയില്‍ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് ചരിത്രം സൃഷ്ടിച്ചത്. യുകെയില്‍ കലകളെയും, സംഗീതത്തെയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് ഒരുക്കിയ കലാസന്ധ്യയിലേക്ക് നൂറുകണക്കിന് പേര്‍ ഒഴുകിയെത്തിയത് പരിപാടിയുടെ നിറപ്പകിട്ട് ഉയര്‍ത്തി.
പുതുതലമുറയുടെ കലാ സാംസ്‌കാരിക ഉന്നമനത്തിനായി പ്രത്യേക ഊന്നല്‍ നല്‍കിയാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കാണികള്‍ മയൂരാ ഫെസ്റ്റിന്റെ താളവും, മേളവും ആസ്വദിച്ചു.
വേദിയില്‍ മികച്ച ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ നല്‍കിയ ഗ്രേസ് മെലോടിയസ്സിന് സംഘാടകര്‍ നന്ദി അറിയിച്ചു. ട്യൂണ്‍ ഓഫ് ആര്‍ട്‌സിന്റെ മറ്റൊരു പരിശ്രമം കൂടി വിജയത്തില്‍ എത്തിച്ചത് ഒത്തൊരുമിച്ചുള്ള സംഘാടനവും, പ്രേക്ഷകരുടെ പങ്കാളിത്തവുമാണ്. ചിത്ര ചിത്രങ്ങൾക്ക് കടപ്പാട്: രാജേഷ് നടേപ്പിള്ളിി .