Breaking Now

യുക്മ ദേശീയ കലാമേള ഇന്ന്............ ദശാബ്ദിയുടെ നിറവില്‍ കെ ജയകുമാര്‍ ഐ എ എസ് തിരി തെളിയിക്കും........... സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ഉദ്ഘാടനവും 'ശ്രീദേവി നഗറി'ല്‍....... എല്ലാ കണ്ണും മാഞ്ചസ്റ്ററിലേക്ക്

യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളില്‍ നിന്നുള്ള വിജയികള്‍ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ 'ശ്രീദേവി നഗര്‍' മാറുകയാണ്.

പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളില്‍, മുന്‍ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീ കെ ജയകുമാര്‍ ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കും. 

തെന്നിന്ത്യന്‍ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവര്‍ത്തിനി അന്തരിച്ച ശ്രീദേവിയുടെ ബഹുമാനാര്‍ത്ഥം 'ശ്രീദേവി നഗര്‍' എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങളും ഉണ്ടാകാത്തവിധമാണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളില്‍ നിന്നുള്ള വിജയികള്‍ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ 'ശ്രീദേവി നഗര്‍' മാറുകയാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ആണ് കലാമേളയുടെ ആതിഥേയര്‍. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, ഇവന്റ് ഓര്‍ഗനൈസര്‍ ഷീജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്.

2010 ല്‍ ബ്രിസ്റ്റോളില്‍ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടര്‍ന്ന് 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും ദേശീയ കലാമേളകള്‍ നടന്നു. ലിവര്‍പൂള്‍ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റര്‍ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ല്‍ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വമഹാകവി വില്യം ഷേക്‌സ്‌പെയറിന്റെ ജന്മനാടായ  വാര്‍വിക്കിലും യുക്മ കലാമേളകള്‍ അരങ്ങേറി. ആദ്യമായി ലണ്ടനില്‍ അരങ്ങേറിയ ദേശീയ മേളയായി 2017 ലെ ഹെയര്‍ഫീല്‍ഡ് കലാമേള. 2018 ലെ യുക്മ ദേശീയ കലാമേള ഷെഫീല്‍ഡില്‍ നടന്നു.

യുക്മ സ്റ്റാര്‍സിംഗര്‍ (ജൂനിയര്‍) സീസണ്‍ 4 ഉദ്ഘാടനവും കലാമേള വേദിയില്‍ 

കലാമേളകള്‍ കഴിഞ്ഞാല്‍ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ 4 ഉദ്ഘാടനവും കലാമേള വേദിയില്‍ നടക്കും. യുക്മ സാംസ്‌ക്കാരിക വേദിയും മാഗ്‌ന വിഷന്‍ ടി വി യും ചേര്‍ന്ന് ഒന്നിച്ചു അണിയിച്ചൊരുക്കുന്ന 'യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4', മുന്‍ സീസണുകളില്‍നിന്നും വ്യത്യസ്തമായി എട്ട് വയസ്സിനും പതിനാറ് വയസ്സിനും ഇടയില്‍ പ്രായമുള്ള ഗായകര്‍ക്ക് വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നത്. 

ശ്രീദേവി നഗറിലേക്ക് സ്വാഗതം  

പത്താമത് ദേശീയ കലാമേളയില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ മികവില്‍ ആതിഥേയരായ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ചാമ്പ്യന്മാരാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയണും. കിരീടം നിലനിര്‍ത്താന്‍ യോര്‍ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണും, മേളയിലെ കറുത്ത കുതിരകളാകാന്‍ സൗത്ത് വെസ്റ്റും സജ്ജരായിക്കഴിഞ്ഞു. ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏവരെയും മാഞ്ചസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

കലാമേള നഗറിലേക്ക് പ്രവേശിക്കുന്നവര്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ പ്രവേശന ഫീസ് നല്‍കി റിസ്റ്റ് ബാന്‍ഡ് വാങ്ങിയിരിക്കേണ്ടതാണ്. മിതമായ നിരക്കില്‍ വിവിധ ഭക്ഷണ ശാലകള്‍ കലാമേള നഗറില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും കലാമേള നഗറില്‍ ഉണ്ടായിരിക്കുന്നതാണ്. മാഗ്‌ന വിഷന്‍ ടി വി കലാമേള സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. Kalamela Nagar Address: Parrs Wood High School & 6th Form, Wilmslow Road, Manchester  M20 5PG 

 

സജീഷ് ടോം 

 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 

 
കൂടുതല്‍വാര്‍ത്തകള്‍.