CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 26 Seconds Ago
Breaking Now

ജ്വാല ഇമാഗസിന്‍ പുതുവര്‍ഷ ലക്കം പ്രസിദ്ധീകരിച്ചു........... പുത്തന്‍ വര്‍ഷത്തില്‍ ഏറെ പുതുമകളും പരീക്ഷണങ്ങളുമായി അക്ഷരങ്ങളുടെ ലോകത്തെ അശ്വമേധം തുടരുന്നു

ലോക പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്‌ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവര്‍ഷ പതിപ്പും ശ്രദ്ധേയമാകുന്നു.

രാജ്യം ഏതു കക്ഷികള്‍ ഭരിച്ചാലും, ഇന്ത്യന്‍ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയില്‍ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാന്‍ എന്ന് കൃത്യമായി പറഞ്ഞു വക്കുന്നു, തന്റെ പത്രാധിപ കുറിപ്പിലൂടെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ തകിടം മറിച്ചിലുകള്‍ ഉണ്ടായാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി രാജ്യം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് എഡിറ്റോറിയല്‍  ചൂണ്ടിക്കാട്ടുന്നു.

സുധീഷ് കോട്ടേമ്പ്രം  എഴുതിയ ' ഗാന്ധി ഭാവനയും  കലയും ' എന്ന ലേഖനത്തില്‍ ബുദ്ധന്‍  കഴിഞ്ഞാല്‍ മുഖ്യധാര കലയിലും ജനപ്രിയ കലയിലും ഏറ്റവും കൂടുതല്‍  ആവിഷ്‌കരിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചു  വളരെ സുന്ദരമായി, ഈ നിലക്കാത്ത ഗാന്ധി ഭാവനയുടെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു. സുന്ദരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന പംക്തി   'സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ' കേരളം വിട്ട് ജോലി അന്വേഷിച്ചു ബോംബയ്ക്ക് നടത്തിയ ആദ്യ മറുനാടന്‍ യാത്രയില്‍ പ്രഷുബ്ധമായ തന്റെ മാനസീക അവസ്ഥ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ലേഖകന്‍ ജോര്‍ജ്ജ് അറങ്ങാശ്ശേരി. 

കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യകാല ദിനപത്രങ്ങളില്‍ ഒന്നായ ' കേരള മിത്ര ' ത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ആര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ ' കേരള മിത്രം ' എന്ന ലേഖനം വളരെ അറിവുകള്‍ നല്‍കുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് രസകരമായ വായനാനുഭവം പ്രധാനം ചെയ്യുന്നതാണ് ജോയി സക്കറിയ എഴുതിയ ' ഏഴു സുന്ദരികളില്‍ അഞ്ചു സുന്ദരികളെ കാണാന്‍ പോയ കഥ ' എന്ന യാത്രാനുഭവങ്ങള്‍.

സിനിമാസംബന്ധിയായ എഴുത്തുകളിലൂടെ  മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ രവി മേനോന്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് തന്റെ സംഗീത യാത്രയില്‍ സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്റര്‍ ആരായിരുന്നു എന്ന് മനോഹരമായി കുറിച്ചിരിക്കുന്നു 'എല്ലാവരും ഒരിക്കല്‍ പിരിയേണ്ടവരല്ലേ ' എന്ന ലേഖനത്തില്‍. വി പ്രദീപ് കുമാറിന്റെ ജീവിതാനുഭങ്ങളില്‍ ചാലിച്ച, 'മാനുഷീക സന്ദേശങ്ങള്‍ക്ക് ശക്തി പകരാം' എന്ന ഹൃദയത്തില്‍ തൊട്ടുള്ള രചന വളരെയേറെ കാലികമായ ഒന്നാണ്.  

പ്രീത സുധിര്‍ എഴുതിയ ' ഇങ്ങനെയും ഒരമ്മ', സോണി മാത്യുവിന്റെ 'സാലി നീ എവിടെയാണ്', യുകെ മലയാളി ഷൈമ മാത്യു എഴുതിയ 'രാത്രിയിലെ കെടാവിളക്ക്' എന്നീ കഥകളും രാജു കാഞ്ഞിരങ്ങാട് എഴുതിയ ' കിണര്‍', സലില്‍ രചിച്ച '2020 ', മനോജ് കാലടിയുടെ ' യാത്രാമൊഴി ' എന്നീ  കവിതകളും ജ്വാല ഇ മാഗസിന്റെ പുതു വര്‍ഷത്തിന്റെ ആദ്യ ലക്കത്തെ  സമ്പന്നമാക്കുന്നു. പതിവുപോലെ ചിത്രകാരന്‍ റോയി സി ജെ വരച്ച ചിത്രങ്ങള്‍ കഥകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നു.

 

ജ്വാലയുടെ അവസാന പുറത്തില്‍, ഇന്ത്യന്‍ ആധുനിക രാഷ്ട്രീയാവസ്ഥയെ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു  റോയി സി ജെ തന്റെ കാര്‍ട്ടൂണ്‍ പംക്തിയായ 'വിദേശവിചാര'ത്തില്‍. ജ്വാല ഇമാഗസിന്റെ ജനുവരി ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

 

https://issuu.com/jwalaemagazine/docs/january_2020  

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.