Breaking Now

സമീക്ഷ സര്‍ഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു ; മുതിര്‍ന്നവര്‍ക്കായി നാടന്‍പാട്ട് മത്സരം പ്രഖ്യാപിച്ച് സര്‍ഗവേദി മുന്നോട്ട്

കോവിഡ് മൂലമുണ്ടായ ലോക് ഡൗണ്‍ സമയത്ത് കുട്ടികളെ കര്‍മ്മോത്സുകരാക്കുന്നതിനും അവരെ സോഷ്യല്‍ മീഡിയായില്‍ നിന്നും ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നും അല്പം വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി സമീക്ഷ സര്‍ഗവേദി നടത്തിയ ചിത്രരചന, ചലച്ചിത്ര ഗാനം, നൃത്തം , പ്രസംഗം മത്സരങ്ങളെ ആവേശത്തോടു കൂടി സ്വീകരിച്ച യു കെയിലെ മലയാളികള്‍ക്ക് സമീക്ഷ സര്‍ഗവേദി ആദ്യമായി നന്ദി പറയുന്നു. മത്സരങ്ങളുടെ നിലവാരം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും മത്സരങ്ങള്‍ എല്ലാം ശ്രദ്ധേയമായി. അവസാനം നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗ മത്സരം മലയാളികളോടൊപ്പം മറ്റ് ഇന്‍ഡ്യക്കാരെയും ഇംഗ്ലീഷുകാരെയും ഒരു പോലെ അദ്ഭുതപ്പെടുത്തി.

സമീക്ഷ സര്‍ഗവേദി പ്രാഥമീകമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വിധികര്‍ത്താക്കള്‍ക്ക് അയച്ചുകൊടുത്ത എന്‍ട്രികളില്‍, പ്രശസ്തരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ മൂന്നു എന്‍ട്രികള്‍ വീതം ഓരോ വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്തത്, സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോള്‍ മത്സരത്തിന്റെ ആവേശം ഉച്ചസ്ഥായിയിലായി.

മത്സരങ്ങള്‍ക്ക് അവസാന വിധി പറഞ്ഞത് വിധികര്‍ത്താക്കള്‍ നല്കിയ മാര്‍ക്കിന് 90 ശതമാനവും സോഷ്യല്‍ വോട്ടിംഗിന് 10 ശതമാനവും വെയ്‌റ്റേജ്. നല്കികൊണ്ടാണ് എന്നതു ശരിയായ തിരഞ്ഞെടുപ്പിന് ഉതകി. സബ് ജൂനിയര്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യു കെ യുടെ ഒക്ടോബര്‍ മാസത്തില്‍ വെര്‍ച്ച്വല്‍ ആയി നടന്ന ദേശീയ സമ്മേളനത്തില്‍ അഭിനന്ദിച്ചു: ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സ്‌പോണ്‍സേര്‍ഡ് സമ്മാനങ്ങളും നല്‍കാന്‍ വിവിധ സമീക്ഷ ബ്രാഞ്ചുകള്‍ക്ക് അയച്ചുകൊടുത്തു എങ്കിലും ലോക് ഡൗണ്‍ മൂലം മാഞ്ചസ്റ്റര്‍ ഒഴികെയുള്ള ബ്രാഞ്ചുകള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചില മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് സമ്മാനങ്ങള്‍ അവര്‍ക്ക് പോസ്റ്റില്‍ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങള്‍ ബ്രാഞ്ച് ഭാരവാഹികളുടെ

കയ്യില്‍ എത്തിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ തീരുന്ന മുറക്ക് അത് ബ്രാഞ്ച് അധികൃതര്‍ വിജയികള്‍ക്ക് നല്കുന്നതാണ്. മാഞ്ചസ്റ്റര്‍ ബ്രാഞ്ച് അവരുടെ സമ്മാനങ്ങള്‍ ലോക് ഡൗണിനു മുന്‍പ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂര്‍ത്തീകരിച്ചു.

സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവര്‍ത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സര്‍ഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയ്യാറാക്കിയ രക്ഷകര്‍ത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഇതു വരെ കുട്ടികളുടെ മത്സരങ്ങള്‍ നടത്തിയിരുന്ന സമീക്ഷ സര്‍ഗവേദി നിര്‍ണ്ണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി കേരളത്തിന്റെ തനതു കലയായ നാടന്‍ പാട്ടു മത്സരവുമായി ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് സമീക്ഷ സര്‍ഗവേദി എത്തുന്നു.

അതു കൊണ്ടു തന്നെ മത്സരങ്ങളുടെ ചൂരും ചൂടും ഇരട്ടിയായാല്‍ ആദ്ഭുതപ്പെടേണ്ടതില്ല. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയുള്ള ജനപ്രിയ നാടന്‍ പാട്ട് മത്സരത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ സര്‍ഗവേദി തുടങ്ങിക്കഴിഞ്ഞു.

മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ എല്ലാ നാടന്‍പാട്ട് കലാകാരന്‍മാരെയും കലാകാരികളെയും സമീക്ഷ സര്‍ഗവേദിയിലൂടെ മറ്റുരക്കുന്നതിന് സര്‍ഗവേദി ക്ഷണിക്കുന്നു.

വാര്‍ത്ത; ബിജു ഗോപിനാഥ്.

 
കൂടുതല്‍വാര്‍ത്തകള്‍.