CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 45 Seconds Ago
Breaking Now

അത്ഭുതം പ്രതീക്ഷിച്ച് കുടുംബം, മരിക്കാന്‍ ഉത്തരവിട്ട് കോടതി! ഗര്‍ഭം ധരിച്ച് 32-ാം ആഴ്ചയില്‍ കൊവിഡ് പിടിപെട്ട യുവതി കഴിഞ്ഞ മാസം പ്രസവിച്ചു; സ്ഥിതി മോശമായതിനാല്‍ 30-കാരിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കി മരിക്കാന്‍ വിടണമെന്ന് ജഡ്ജ്

മുസ്ലീം വിശ്വാസ പ്രകാരം ദൈവത്തിന് മാത്രമാണ് ജീവിതം അവസാനിപ്പിക്കാനുള്ള അധികാരമെന്നാണ് കുടുംബം വാദിച്ചത്‌

ഒരു മാസം മുന്‍പ് കൊവിഡ് ബാധയ്ക്കിടെ മകന് ജന്മം നല്‍കിയ 30-കളില്‍ പ്രായമുള്ള യുവതിയെ മരിക്കാന്‍ അനുവദിക്കണമെന്ന് വിധിച്ച് കോടതി. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് ജഡ്ജ് ഈ നിലപാട് സ്വീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും, ഇന്‍ഡ്യൂസ്ഡ് കോമയിലുമുള്ള സ്ത്രീക്ക് നല്‍കിവരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിയമപരമായി സാധിക്കുമെന്നാണ് ജസ്റ്റിസ് ഹെയ്ഡണ്‍ വിധിച്ചത്. 

യുവതിയെ രക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്‌തെന്നും, ഇനി തിരിച്ചുവരവിനുള്ള സാധ്യത പൂജ്യമാണെന്നും ഒരു സ്‌പെഷ്യലിസ്റ്റ് കോടതിയെ അറിയിച്ചതോടെയാണ് ഈ ഉത്തരവ് എത്തിയത്. കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷനിലാണ് അടിയന്തര വിര്‍ച്വല്‍ ഹിയറിംഗിലൂടെ ജഡ്ജ് കേസ് പരിഗണിച്ചത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായി ബന്ധപ്പെട്ട കേസുകള്‍ ഈ കോടതിയാണ് പരിഗണിക്കുന്നത്. 

വിവാഹിതയായ മുസ്ലീം സ്ത്രീയാണ് പ്രസ്തുത കേസിലെ ഇര. ഒരു മകള്‍ കൂടിയുള്ള ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ത്രീയുടെ മികച്ച താല്‍പര്യം അടിസ്ഥാനമാക്കി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ജഡ്ജിനെ അറിയിച്ചു. എന്നാല്‍ കൂടുതല്‍ സമയം നല്‍കി, ചികിത്സ തുടരാന്‍ അനുവദിക്കണമെന്നാണ് സ്ത്രീയുടെ ഭര്‍ത്താവും, സഹോദരിയും കോടതിയോട് ആവശ്യപ്പെട്ടത്. 

മുസ്ലീം വിശ്വാസ പ്രകാരം ദൈവത്തിന് മാത്രമാണ് ജീവിതം അവസാനിപ്പിക്കാനുള്ള അധികാരമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ ജീവന്‍ പിടിച്ചുവെയ്ക്കുന്നത് കൊണ്ട് മരണം വൈകിപ്പിക്കുക മാത്രമാണ് സാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച തെളിവുകള്‍ വ്യക്തമാക്കുന്നതായി ജഡ്ജ് ചൂണ്ടിക്കാണിച്ചു. ചികിത്സ അവസാനിപ്പിച്ച് മാന്യമായി മരിക്കാന്‍ ഇവരെ അനുവദിക്കണമെന്നാണ് ജഡ്ജ് പ്രസ്താവിച്ചത്. 

ഗര്‍ഭിണിയായി 32-ാം ആഴ്ചയിലാണ് യുവതിക്ക് വീട്ടില്‍ വെച്ച് കൊവിഡ്-19 പിടിപെടുന്നത്. ഒരു മാസം മുന്‍പ് ആശുപത്രിയില്‍ എത്തിച്ച ഇവരെ സിസേറിയന് വിധേയമാക്കിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതിനിടെ പാന്‍ക്രിയാസ് പ്രവര്‍ത്തനം നിലയ്ക്കുകയും, ഒരു ശ്വാസകോശം മരിക്കുകയും ചെയ്തു. പിന്നീട് തിരിച്ചുവരാന്‍ കഴിയാത്ത വിധം യുവതിയുടെ അവസ്ഥ മോശമാകുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.