CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 46 Seconds Ago
Breaking Now

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രില്‍ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേര്‍ക്കുവാന്‍ നിരവധി കുട്ടികള്‍; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവണ്‍മെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ കീഴില്‍ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 'കണിക്കൊന്ന'യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും . കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ആണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍നോട്ടത്തില്‍ യൂറോപ്പില്‍ ആദ്യമായി യുകെയില്‍ നടത്തുന്ന കണിക്കൊന്ന പഠനോത്സവത്തിന്റെ വിജയത്തിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി എബ്രഹാം കുര്യന്‍, വിദഗ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്റെ  സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തില്‍ അധ്യാപക പരിശീലനവും ശില്‍പശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.

ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് പഠനോത്സവം ആരംഭിക്കുന്നത്. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട്

ശ്രീ സി എ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബഹു. കേരള സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലന്‍ സന്ദേശം നല്കും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, മലയാളം മിഷന്‍ ഭാഷ അധ്യാപകന്‍ ഡോ. എം ടി ശശി എന്നിവര്‍ ആശംസകളര്‍പ്പിക്കും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി ശ്രീ എബ്രഹാം കുര്യന്‍ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ശ്രീ എസ് എസ് ജയപ്രകാശ് നന്ദിയും പറയും. തുടര്‍ന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകനും ഭാഷാ പ്രചാരകനുമായ ശ്രീ രാജീവ് പെരിങ്ങോടിന്റെ ഹൃസ്വമായ മോട്ടിവേഷണല്‍ ശില്പശാലയ്ക്ക് ശേഷം കൃത്യം പതിനൊന്ന് മണിക്ക് പഠനോത്സവം ആരംഭിക്കുന്നതാണ്.

മലയാളം മിഷന്‍ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്‌സുകളുടെ പ്രാരംഭ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിര്‍ണ്ണയമാണ് പഠനോത്സവം ആയി 2021 ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനിനിലൂടെ യുകെയില്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സായ 'സൂര്യകാന്തി' ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'ആമ്പല്‍' സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് പഠിതാവ്  കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തില്‍ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ക്ക് മലയാളം മിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ് .

 

മലയാളഭാഷ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാസാംസ്‌കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും  ഉള്‍പ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രില്‍ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകര്‍ അറിയിച്ചു.

 

ഏപ്രില്‍ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

1. ബേസില്‍ ജോണ്‍ (സൗത്ത് മേഖല കോര്‍ഡിനേറ്റര്‍ 07710021788)

2. ആഷിക് മുഹമ്മദ് നാസര്‍ (മിഡ്‌ലാന്‍ഡ്‌സ് മേഖല കോര്‍ഡിനേറ്റര്‍ 07415984534 )

3. ജനേഷ് നായര്‍ (നോര്‍ത്ത് മേഖല കോര്‍ഡിനേറ്റര്‍ 07960432577 )

4. രഞ്ജു പിള്ള (സ്‌കോട്ട്‌ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍ 07727192181)

5. ജിമ്മി ജോസഫ് (യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ മേഖല കോര്‍ഡിനേറ്റര്‍ 07869400005 )

6. എസ് എസ് ജയപ്രകാശ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍07702686022).

 

നമ്മുടെ മാതൃഭാഷയും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ യുകെ മലയാളികളും പിന്തുണ നല്‍കണമെന്നും ഏപ്രില്‍ പത്തിന് ഓണ്‍ലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളില്‍ നിന്നും ഉണ്ടാവണമെന്നും അന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് സെക്രട്ടറി എബ്രഹാം കുര്യന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

ഉദഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള

സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

 

ZOOM MEETING ID: 844 9952 7692

Passcode: MAMIUK

 

www.facebook.com/MAMIUKCHAPTER/live

 

 

 




കൂടുതല്‍വാര്‍ത്തകള്‍.