യുകെയുടെ എലിസബത്ത് രാജഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99-ാം വയസ്സിലാണ് മരണം. വിന്‍ഡ്‌സര്‍ കാസിലില്‍ വെള്ളിയാഴ്ച രാവിലെയാണ് എഡിന്‍ബര്‍ഗ് ഡ്യൂക്ക് സമാധാനപരമായി വിടവാങ്ങിയതെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.
ബ്രിട്ടീഷ് രാജാധികാരിയെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച സഹചാരിയാണ് ഫിലിപ്പ് രാജകുമാരന്‍. രാജ്ഞിയെ 69 വര്‍ഷക്കാലം സേവിച്ച അദ്ദേഹം 2017-ലാണ് റോയല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
'വളരെയേറെ ദുഃഖത്തോടെയാണ് ഹെര്‍ മജസ്റ്റി ദി ക്യൂന്‍ അവരുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ, ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഹിസ് ഹൈനസ് ദി പ്രിന്‍സ് ഫിലിപ്പിന്റെ മരണവാര്‍ത്ത പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ വിന്‍ഡ്‌സര്‍ കാസിലില്‍ വെച്ചാണ് ഹിസ് റോയല്‍ ഹൈനസിന്റെ സമാധാനപൂര്‍ണ്ണമായ വിയോഗം', വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
'ഈ വിയോഗത്തിന്റെ ദുഃഖത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കൊപ്പം രാജകുടുംബവും ചേരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും', കൊട്ടാരം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഏഴ് ദശകത്തോളമായി മുന്‍നിര വ്യക്തിത്വമായിരുന്നു ഫിലിപ്പ് രാജകുമാരന്‍. ഔദ്യോഗികമായി എഡിന്‍ബര്‍ഗ് ഡ്യൂക്ക് പദവി വഹിച്ച അദ്ദേഹം ശക്തമായ നിലപാടുകളിലൂടെ സ്വന്തമായ ഒരിടം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഗ്രീക്ക് രാജകുമാരനായ അദ്ദേഹം 1947-ലാണ് എലിസബത്തിനെ വിവാഹം ചെയ്യുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തെ ആധുനികവത്കരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. രാജ്ഞിക്ക് ഏത് സമയത്തും സഹായത്തിനുള്ള വിശ്വസ്തനായിരുന്നു ഫിലിപ്പ് രാജകുമാരന്‍.