CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes 28 Seconds Ago
Breaking Now

ലോക്ക് ഡൗണ്‍ ശക്തമാക്കുന്നു ; തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധം

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്‌ഡൌണ്‍ രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. ആദ്യ ദിനം പൊലീസ് പാസ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ പാസ് നല്‍കുന്നതിനായുള്ള വെബ്‌സൈറ്റ് നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ പാസ് നിര്‍ബന്ധമാകും.

വെബ്‌സൈറ്റില്‍ 'Pass' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക്  അനുമതി നല്‍കും. യാത്രക്കാര്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റില്‍നിന്നും മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി പരിശോധിക്കാം. അനുമതി ലഭിച്ചതായ യാത്രാപാസ് ഡൗണ്‍ലോഡ് ചെയ്‌തോ, സ്‌ക്രീന്‍ ഷോട്ട്  എടുത്തോ ഉപയോഗിക്കാം. യാത്രാവേളയില്‍ ഇവയോടൊപ്പം അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖയും പൊലീസ് പരിശോധനയ്ക്കായി നിര്‍ബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്റെ  ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ, മറ്റുള്ളവര്‍ക്ക് വളരെ അത്യാവശ്യമായ യാത്രകള്‍ക്കു മാത്രവും പാസ്സിന് അപേക്ഷിക്കാം.

പൊതുജനങ്ങള്‍ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും വാക്‌സീന്‍ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും  തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.