
















സഹകരണ വകുപ്പിന്റെ കോമണ്‍ സോഫ്റ്റ്‌വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയെന്ന നിലയില്‍ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ 2021ല്‍ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2024ല്‍ ഏകപക്ഷീയമായി ടിസിഎസ് പിന്മാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നത്.
കേരളത്തിന്റെ വികസനമടക്കം മറച്ചുപിടിക്കാന്‍ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ തീരുമാനം എടുക്കുക.ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എല്‍ഡിഎഫിനെ കുടുക്കിയിടുകയാണ്.നാടിന്റെ വികസനത്തെക്കുറിച്ച് പറയുന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കും.അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോള്‍ പ്രയോഗിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചെന്നിത്തലയുടെ എല്‍ഡിഎഫിന് എസ്ഡിപിഐയുമായി ഡീലുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. നുണ പറഞ്ഞിട്ട് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. ഇത്തരം ഡീല്‍ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയും. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച സ്വീകാര്യതയാണുള്ളതെന്നും എല്‍ഡിഎഫ് പാലക്കാട് മികച്ച വിജയം നേടുമെന്നും എന്താണ് ഡീല്‍ ആരോപണത്തിന്റെ അടിസ്ഥാനമെന്നും ഇത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.