CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 28 Seconds Ago
Breaking Now

യുകെയില്‍ 5 വര്‍ഷം താമസിച്ചിട്ടും പിന്‍ നമ്പര്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയാത്ത നഴ്‌സുമാര്‍ക്ക് പ്രതീക്ഷയ്ക്ക് വക തെളിയുന്നു; ഡോ. അജിമോള്‍ പ്രദീപിന്റെയും, ഡോ. ഡില്ല ഡേവിസിന്റെയും പരിശ്രമങ്ങള്‍ ഫലം കാണുമോ? പിന്‍ നമ്പര്‍ ഇല്ലാതെ വിഷമിക്കുന്ന നഴ്‌സുമാരുടെ സര്‍വ്വെയില്‍ നിങ്ങളും പങ്കെടുക്കൂ, നാളെ ഒരായിരം മലയാളി നഴ്‌സുമാരെ ഭാഗ്യം തേടിയെത്തിയേക്കാം!

പിന്‍ നമ്പര്‍ ഇല്ലാത്ത നഴ്‌സുമാരുടെ ഒരു സര്‍വ്വെ നടത്തി അതിന്റെ വിശദമായ ലിസ്റ്റ് സമര്‍പ്പിക്കാനാണ് സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് & സൊസൈറ്റി ഡയറക്ടറേറ്റ് ഡീനറി ആവശ്യപ്പെട്ടിരിക്കുന്നത്.

നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുകയും, നാട്ടിലും മറ്റിടങ്ങളിലും സേവനം നല്‍കുകയും, പ്രതീക്ഷയോടെ യുകെയിലേക്ക് ചേക്കേറിയ ശേഷവും പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ ഹോമിലും മറ്റുമായി ജോലി ചെയ്യുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. എല്ലാവിധ യോഗ്യതകള്‍ ഉണ്ടായിട്ടും ഐഇഎല്‍ടിഎസ് സ്‌കോറിന്റെ പേരുപറഞ്ഞ് മൂല്യമേറിയ സേവനം നല്‍കാന്‍ കഴിയാതെ ഒതുങ്ങി കഴിയുന്ന മലയാളി നഴ്‌സുമാര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഡോ. അജിമോള്‍ പ്രദീപും, സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അധ്യാപിക ഡോ. ഡില്ല ഡേവിസും. 

ഓര്‍ഗന്‍ ഡൊണേഷന്‍ ക്യാംപെയിന്‍ നടത്തി യുകെ മലയാളികള്‍ക്ക് സുപരിചിതയായ ഡോ. അജിമോള്‍ പ്രദീപ് BEM, സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അധ്യാപികയായ ഡോ. ഡില്ല ഡേവിസിനൊപ്പം ചേര്‍ന്ന് നടത്തിയ 2 വര്‍ഷം നീണ്ട നിശബ്ദ പോരാട്ടമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. യോഗ്യരായ നിരവധി നഴ്‌സുമാര്‍ക്ക്, കെയര്‍ ഹോമിലും മറ്റും മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെ ആശയവിനിമയം നടത്തിയിട്ടും പിന്‍ നമ്പര്‍ ലഭിക്കാത്ത ദുഃസ്ഥിതിയെ കുറിച്ചാണ് നഴ്‌സുമാരുടെ സേവനം ബ്രിട്ടന് ഏറെ ആവശ്യമായ ഘട്ടത്തില്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

പ്രാഗത്ഭ്യമുള്ള നഴ്‌സുമാര്‍ യുകെയില്‍ മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നുവെന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ ഈ വിഷയത്തില്‍ പഠനം നടത്താന്‍ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് & സൊസൈറ്റി എമിറെറ്റസ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ജോണ്‍സണ്‍ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ നടത്തിയ പഠനത്തിലെ വസ്തുതകളും, തെളിവുകളും അടിസ്ഥാനമാക്കി സാല്‍ഫോര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് & സോഷ്യല്‍ ഡയറക്ടറേറ്റ് ഡീണറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആ വിഭാഗത്തിന്റെ ഡീനും, സഹഡീനും വിഷയത്തെ ഗൗരവതരമായി അംഗീകരിച്ചതോടെയാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വര്‍ഷങ്ങളായി അകന്ന് നിന്ന അവസരം തൊട്ടടുത്ത് എത്തിയിരിക്കുന്നത്. 

പിന്‍ നമ്പര്‍ ഇല്ലാത്ത നഴ്‌സുമാരുടെ ഒരു സര്‍വ്വെ നടത്തി അതിന്റെ വിശദമായ ലിസ്റ്റ് സമര്‍പ്പിക്കാനാണ് സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് & സൊസൈറ്റി ഡയറക്ടറേറ്റ് ഡീനറി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് നടത്തിയ സര്‍വ്വെയില്‍ 8000-ഓളം നഴ്‌സുമാര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ യുകെയിലുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള സര്‍വ്വെയില്‍ ആദ്യ ദിനങ്ങളില്‍ തന്നെ 600-ലേറെ നഴ്‌സുമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഇത്തരത്തില്‍ പിന്‍ നമ്പര്‍ ലഭിക്കാത്ത നഴ്‌സുമാരിലേക്കും എത്തിച്ച് പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടത്. 

ഇന്ത്യയില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി 5 വര്‍ഷത്തില്‍ കൂടുതല്‍ യുകെയില്‍ സ്ഥിരതാമസമാക്കിയിട്ടും പിന്‍ നമ്പര്‍ ലഭിക്കാതെ പോയവരാണ് മെയ് 15ന് മുന്‍പ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം പൂരിപ്പിക്കേണ്ടത്. ഇതുവഴി 'യുകെയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ നേരിട്ടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ശക്തമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഡോ. അജിമോള്‍ പ്രദീപിനും, ഡോ. ഡില്ല ഡേവിസിനും സാധിക്കും. 

നാട്ടില്‍ നിന്ന് ബിഎസ്‌സി നഴ്‌സിംഗും, എംഎസ്‌സി നഴ്‌സിംഗും പൂര്‍ത്തിയാക്കിയിട്ടും ഐഇഎല്‍ടിഎസ് സ്‌കോറിന്റെ മാത്രം പേരില്‍ നഴ്‌സിംഗ് സേവനത്തില്‍ നിന്നും പുറംതള്ളപ്പെട്ട പ്രാഗത്ഭ്യമുള്ള നഴ്‌സുമാരെ ബ്രിട്ടീഷ് നഴ്‌സിംഗ് സേവനത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സര്‍വ്വെയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ബാന്‍ഡ് 2 മുതല്‍ ബാന്‍ഡ് 4 വരെയുള്ള കെയര്‍ അസിസ്റ്റന്റ് പോസ്റ്റുകളില്‍ നിരവധി നഴ്‌സുമാര്‍ ഈ വിധത്തില്‍ ഒതുങ്ങി കഴിയുന്നുണ്ട്. മികച്ച ഭാഷാപ്രാവീണ്യവും, നഴ്‌സിംഗ് സേവനത്തിന് ആവശ്യമായ പ്രായോഗിക പരിശീലനവും ഇവര്‍ക്കുണ്ടെന്നത് മുതല്‍കൂട്ടാണ്. 

ജൂണ്‍ 6നാണ് ഡീനറി ഫോറത്തിന് മുന്‍പാകെ സര്‍വ്വെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ലിവര്‍പൂളില്‍ നിന്നുള്ള തമ്പി ജോസ്, എക്‌സെറ്ററില്‍ നിന്നുള്ള ഷാജി ജോസഫ് തുടങ്ങി നിരവധി മലയാളികള്‍ ഈ പോരാട്ടത്തിന് നിശബ്ദ പിന്തുണയുമായി ഒപ്പമുണ്ട്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ രാജ്യത്തെ രജിസ്‌ട്രേഷന്‍ ഇപ്പോഴും പുതുക്കി എപ്പോഴെങ്കിലും എന്‍എംസി കണ്ണുതുറക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. ഈ സര്‍വ്വെ റിപ്പോര്‍ട്ട് എന്‍എംഎസി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നിലെത്തുമെന്നത് തന്നെയാണ് ഇതിന് കാരണം. 

ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://forms.office.com/Pages/ResponsePage.aspx?id=QCm1Zbb0vUGDPTAz7Lz24cKkCfF3yENMkxSATb9aQpdUMURRME5OQVROU1FYQldQMEdXNVZCRzkxOS4u




കൂടുതല്‍വാര്‍ത്തകള്‍.