CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 17 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോയത് പാക് വ്യോമപാത വഴി

15 മണിക്കൂറിലേറെ പറന്നാണ് മോദിയെയും വഹിച്ചുള്ള ബി777 വിമാനം യുഎസിലെത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോയത് പാക് വ്യോമപാത വഴി. യാത്രയ്ക്കായി പാകിസ്താന്‍ അനുമതി നല്‍കിയതോടെയാണ് മോദിക്ക് അയല്‍രാഷ്ട്രം വഴിയുള്ള വിമാനയാത്ര സാധ്യമായത്. 2019ല്‍ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞ ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

നേരത്തെ മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ മൂന്നു തവണ പാകിസ്താന്‍ അനുമതി നിഷേധിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം വാണിജ്യ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. ആഗസ്ത് 16 മുതലാണ് അഫ്ഗാന്‍ തങ്ങളുടെ വ്യോമപാത അടച്ചത്. അഫ്ഗാന്‍ വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

15 മണിക്കൂറിലേറെ പറന്നാണ് മോദിയെയും വഹിച്ചുള്ള ബി777 വിമാനം യുഎസിലെത്തിയത്. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ത്യന്‍ വ്യോമസേനയുടെ ടെക്‌നിക്കല്‍ എയര്‍ബേസില്‍ നിന്നാണ് വിമാനം പറന്നയുര്‍ന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് വിമാനം വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തത്. അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. വ്യാഴാഴ്ച, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദിമോറിസണ്‍ കൂടിക്കാഴ്ച. കോര്‍പറേറ്റ് കമ്പനി മേധാവികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്, വെള്ളിയാഴ്ചയാണ് മോദിബൈഡന്‍ കൂടിക്കാഴ്ച. ശനിയാഴ്ച യുഎന്‍ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.