CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 18 Seconds Ago
Breaking Now

പ്രകൃതിസ്‌നേഹം ബ്രിട്ടനില്‍ നിന്നുള്ള വിമാനയാത്രയുടെ ചെലവ് ഉയര്‍ത്തുമോ? എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഉയര്‍ത്താന്‍ ചാന്‍സലര്‍ തയ്യാറെടുക്കുന്നു; ദീര്‍ഘദൂര വിമാനയാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടി കനക്കും; നാട്ടിലേക്കുള്ള യാത്രകളില്‍ പോക്കറ്റ് കീറും?

ബാന്‍ഡ് മൂന്നായി തിരിക്കാനും, 6000 മൈലിന് മുകളില്‍ യാത്രക്ക് ഏറ്റവും ഉയര്‍ന്ന ചാര്‍ജ്ജും ഈടാക്കാനാണ് നിര്‍ദ്ദേശം

ചാന്‍സലര്‍ ഋഷി സുനാക് അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ വിമാന യാത്രക്കാര്‍ക്ക് ദുഃഖവാര്‍ത്ത ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര വിമാനയാത്രകള്‍ വരുത്തിവെയ്ക്കുന്ന പ്രകൃതിനാശത്തിന് പ്രതിഫലമായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഉയര്‍ത്താന്‍ സുനാക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ജപ്പാന്‍ പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ചെലവ് കുതിച്ചുയരും. 

ബോറിസ് ജോണ്‍സന്റെ നെറ്റ് സീറോ പ്രതിജ്ഞയ്ക്ക് അനുസൃതമായ ഫണ്ട് നല്‍കാന്‍ ചാന്‍സലര്‍ തയ്യാറാകുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുനാകും പ്രകൃതിസ്‌നേഹം കാണിക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന നികുതി പരിഷ്‌കാരം ബജറ്റില്‍ ചാന്‍സലര്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതോടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കും. 

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വിമാനകമ്പനികളാണ് അടയ്ക്കുന്നത്. ഈ ഭാരം സ്വാഭാവികമായി കസ്റ്റമറുടെ തലയില്‍ ചെന്നുവീഴും. നിലവില്‍ രണ്ട് ബാന്‍ഡുകളായി തിരിച്ച്, 2000 മൈലിന് താഴെയും, ഇതിന് മുകളിലും എന്ന നിലയിലാണ് ചാര്‍ജ്ജ്. ബിസിനസ്സ് ക്ലാസ് യാത്രക്ക് കൂടുതല്‍ ചെലവ് വരുന്നുണ്ട്. എന്നാല്‍ അടുത്ത ഏപ്രിലോടെ ഒരു യാത്രക്കാരനില്‍ നിന്നും ഈടാക്കുന്ന ചാര്‍ജ്ജ് 554 പൗണ്ടായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 

മാര്‍ച്ച് ബജറ്റിന് മുന്‍പുള്ള കണ്‍സള്‍ട്ടേഷന്‍ രേഖയില്‍ ഈ ബാന്‍ഡ് മൂന്നായി തിരിക്കാനും, 6000 മൈലിന് മുകളില്‍ യാത്രക്ക് ഏറ്റവും ഉയര്‍ന്ന ചാര്‍ജ്ജും ഈടാക്കാനാണ് നിര്‍ദ്ദേശം. അതേസമയം ആഭ്യന്തര യാത്രകള്‍ക്കുള്ള ചാര്‍ജ്ജ് കുറയാനും സാധ്യതയുണ്ട്. മഹാമാരിയുടെ പ്രത്യാഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള ബജറ്റാണ് ഋഷി സുനാക് ഇക്കുറി അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.