CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 11 Seconds Ago
Breaking Now

യുകെയില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ ലളിതമാക്കണമെന്ന് യുക്മ

ലണ്ടന്‍ : യുകെയില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ ലളിതമാക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങള്‍ ഭാരത സര്‍ക്കാരിനും, കേരള സര്‍ക്കാരിനുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. 

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ടവിയ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, യുകെയിലെ ഹൈക്കമ്മീഷണര്‍ എന്നിവര്‍ക്കാണ് നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളത്. 

 

ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഏകദേശം തൊണ്ണൂറ് ശതമാനത്തിനടുത്ത് രണ്ട് ഡോസ് വാക്‌സിനുകള്‍ കൊടുക്കുകയും, ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ അതിവേഗത്തില്‍ ജനങ്ങള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുകെ.

 

യുകെയില്‍ നിന്നും ഒന്നോ രണ്ടോ ആഴ്ചകളിലേക്കായി വളരെ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് (മരണം, ചികിത്സ, മറ്റ് വ്യക്തിപരമായ കാര്യങ്ങള്‍) നാട്ടിലെത്തിച്ചേരുന്നവര്‍ക്കായി നവംബര്‍ 30 മുതല്‍ കോവിഡിന്റെ ഒമിക്രോണ്‍ വേരിയെന്റ്  മുന്‍നിറുത്തിയാണ് രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം അത്യാവശ്യകാര്യങ്ങള്‍ക്കും, വളരെ നാളുകളായി നാട്ടില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ കുടുംബമൊന്നിച്ച്  ഡിസംബറില്‍ ക്രിസ്തുമസ് അവധി പ്രമാണിച്ച് മാതാപിതാക്കന്‍മാരെയും, ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ ടിക്കറ്റെടുത്തവര്‍ക്കും വലിയ തിരിച്ചടിയാണ് നിലവിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ വഴി ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍.

 

യാത്ര പുറപ്പെടുന്നതിന് മുന്‍പും, നാട്ടിലെത്തിയ ശേഷവുമുള്ള കോവിഡ് ടെസ്റ്റുകളില്‍ നെഗറ്റീവ് ആയിട്ടുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ക്വാറന്റൈ നിയമങ്ങള്‍ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യണമെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് യുക്മ നേതൃത്വം സമര്‍പ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

 




കൂടുതല്‍വാര്‍ത്തകള്‍.