CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 47 Seconds Ago
Breaking Now

യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി ;ഡിക്‌സ് ജോര്‍ജ് ട്രഷറര്‍

ബര്‍മിംങ്ങ്ഹാമില്‍ ഇന്നലെ  യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡന്റായി  യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്ററുമായ കുര്യന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ മുന്‍ പ്രസിഡന്റും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡിക്‌സ് ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഷിജോ വര്‍ഗീസ്, യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ലീനുമോള്‍ ചാക്കോ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി യുക്മ വെയില്‍സ് റീജിയന്‍ മുന്‍ പ്രസിഡന്റും അബര്‍സ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ പീറ്റര്‍ താണോലിലും, സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുമുള്ള സ്മിതാ തോട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ട്രഷററായി ആര്‍ സി എന്‍ ലണ്ടന്‍ ബോര്‍ഡംഗവും, യുക്മ ലണ്ടന്‍ കോര്‍ഡിനേറ്ററുമായിരുന്ന എബ്രഹാം പൊന്നുംപുരയിടവും തിരഞ്ഞെടുക്കപ്പെട്ടു.

 

യുക്മ ജനറല്‍ കൗണ്‍സില്‍ യോഗം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ യുകെയില്‍ മലയാളി സൂഹത്തില്‍ നിന്നും വിടവാങ്ങിയവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കൊണ്ടാണ് യോഗനടപടികള്‍ക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് ലിറ്റി ജിജോ സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. വളരെയേറെ കാര്യങ്ങള്‍ യുകെ മലയാളി സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയോടെ നടപ്പിലാക്കുവാന്‍ സാധിച്ചു. നല്‍കിയ പിന്തുണയ്ക്ക് യുകെ മലയാളി സമൂഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അദ്ദേഹം അറിയിച്ചു. ട്രഷറര്‍ അനീഷ് ജോണ്‍ കണക്ക് അവതരിപ്പിച്ചു.

തുടര്‍ന്ന് ലോക കേരളസഭയില്‍ യുക്മ പ്രതിനിധികളെ ഉള്‍പ്പെടുത്താതിലുള്ള പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം യോഗം അംഗീകരിച്ചു. നേര്‍ത്ത് ഈസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, എന്നീ സ്ഥലങ്ങളിലെ പ്രതിനിധികളെയും ലണ്ടന്‍ കോര്‍ഡിനേറ്ററേയും യുക്മ ദേശീയ സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കാന്‍ തീരുമാനിച്ചു. ലണ്ടന്‍ കോര്‍ഡിനേറ്ററായി അഡ്വ.എബി സെബാസ്റ്റ്യന്‍, നോര്‍ത്ത് ഈസ്റ്റ്  ജിജോ മാധവപ്പള്ളില്‍, സ്‌കോട്‌ലന്‍ഡ്  സണ്ണി ഡാനിയേല്‍, വെയില്‍സ്  ബിനോ ആന്റണി, നോര്‍ത്തേണ്‍ അയര്‍ലണ്ട്  സന്തോഷ് ജോണ്‍ തുടങ്ങിയവരെ യോഗം അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ യുക്മ ഇലക്ഷന്‍ കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗ്ഗീസ്, ബൈജു തോമസ് എന്നിവരാണ് നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ചു.  റീജിയണുകളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഐക്യകണ്ഡേന ഭാരവാഹികളെ തീരുമാനിക്കുവാന്‍ സാധിച്ചതിന് എല്ലാ റീജിയനുകളില്‍ നിന്നുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു.

അഡ്വ. എബി സെബാസ്റ്റ്യന്‍ അവതരിപ്പിച്ച പാനല്‍ അവതരിപ്പിച്ചു.. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. നോമിനേഷന്‍ സമര്‍പ്പിക്കുവാനുള്ള സമയപരിധി അവസാനിച്ച ശേഷം പത്രിക പരിശോധിച്ച് തിരഞ്ഞെടുപ്പ് കമീഷന്‍ അംഗം ബൈജു തോമസിന്റെ സാന്നിധ്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അലക്‌സ് വര്‍ഗീസ് വിജയികളെ പ്രഖ്യാപിച്ചു.

റീജിയണുകളില്‍ ചുമതലയേറ്റ ഭാരവാഹികളെ ജോയിന്റ് സെക്രട്ടറി സലീനാ സജീവ് പരിചയപ്പെടുത്തി.സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, ലിറ്റി ജിജോ, സെലീനാ സജീവ്, സാജന്‍ സത്യന്‍ അനീഷ് ജോണ്‍, ടിറ്റോ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രാവിലെ സ്ഥാനമൊഴിഞ്ഞ യുക്മ ദേശീയ സമിതിയുടെ അവസാന യോഗം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. നിലവിലെ ദേശീയ സമിതിയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യുക്മയുടെ തിരഞ്ഞെടുപ്പ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചു. ലോക കേരളസഭയിലേക്ക് യുക്മയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതിലുള്ള പ്രതിഷേധം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള പാനല്‍ യോഗം അംഗീകരിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അലക്‌സ് വര്‍ഗീസ് അവതരിപ്പിച്ചു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഓരോ ഭാരവാഹികളുടെയും ചുമതലകള്‍ തീരുമാനിച്ചു. തുടര്‍ന്ന് യോഗം അവസാനിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ യുക്മയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുവാന്‍ നിലവിലുണ്ടായിരുന്ന കമ്മിറ്റിയോട് സഹകരിക്കുകയും പിന്തുണക്കുകയും ചെയ്തതിന് യു കെ മലയാളി സമൂഹത്തോടും, ലോകമെമ്പാടുമുള്ള മലയാളികളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ നന്ദി അറിയിച്ചു.

അലക്‌സ് വര്‍ഗീസ്




കൂടുതല്‍വാര്‍ത്തകള്‍.