ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ 17 നവജാത പെണ്‍ ശിശുകള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കി കുടുംബാംഗങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി പാകിസ്ഥാനെത്തിരെ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്.
മെയ് 10,11 തിയതികളില്‍ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്കാണ് സിന്ദൂര്‍ എന്ന പേര് നല്‍ക്കിയതെന്ന് ഡോ.ആര്‍.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധി സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താകന്‍മാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇപ്പോള്‍ സിന്ദൂര്‍ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് നല്‍കുന്നു എന്നും അമ്മമാരില്‍ ഒരാളായ അര്‍ച്ചന ഷാഹി പറഞ്ഞു.
കുഞ്ഞ് ജനിക്കുന്നതിന് മുന്നെ തങ്ങള്‍ ഈ പേര് തന്നെ മതി എന്ന് ഉറപ്പിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് തങ്ങള്‍ക്ക് ഒരു പ്രചോദനമാണെന്നും അര്‍ച്ചനയുടെ ഭര്‍ത്താവ് അജിത്ത് ഷാഹി പറഞ്ഞു. 26 നിരപരാധികളെ കൊലപെടുത്തിയതിന് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ മുതല്‍ തന്റെ മരുമകളായ കാജല്‍ ഗുപ്തക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് നല്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പദ്രൗണ സ്വദേശി മദന്‍ ഗുപ്ത പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ ഓര്‍മ്മിക്കുക മാത്രമല്ല അത് ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നും ഗുപ്ത പറഞ്ഞു.