ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും അതിര്‍ത്തി മേഖലകള്‍ ശാന്തമായിരുന്നു. എവിടെയും ഡ്രോണ്‍ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടില്ല. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് നടക്കും. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യ പാക് ഡിജിഎംഒ തല ചര്‍ച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
അതേസമയം പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രാവിലെ മുതല്‍ ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. അമൃത്സര്‍, തന്‍ തരണ്‍, ഫാസില്‍ക, ഫിറോസ്പൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് തുറക്കുന്നത്. എന്നാല്‍, ജമ്മുവില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ജമ്മുവിലെ സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ ജനങ്ങളോട് സ്വമേധാ ബ്ലാക്ക് ഔട്ട് പിന്തുടരാനാണ് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ അടക്കം 8 മണിയോടെ ഓഫാക്കും. പുറത്തുള്ള ലൈറ്റുകള്‍ സ്വമേധയാ അണച്ച് അകത്ത് അത്യാവശ്യത്തിനുള്ള വിളക്കുകള്‍ മാത്രം ഇട്ട് സഹകരിക്കണം എന്നാണ് ജനങ്ങളോട് ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണം എന്നും നിര്‍ദേശമുണ്ട്.