ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുത്ത് പൊലീസ്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഉത്തരവ് പ്രകാരം മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ ഓഫീസ് എക്സിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് വരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രസംഗത്തില്‍ സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്ന് മന്ത്രി വിളിച്ചിരുന്നു. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ'ണെന്ന് വിജയ് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ പ്രസംഗം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.