ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് സര്‍ക്കാരിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്നുവരാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയായ കുന്‍വര്‍ വിജയ് ഷായാണ് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു', എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍.
'പഹല്‍ഗാമിലെ ആക്രമണത്തില്‍ തീവ്രവാദികള്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ തീവ്രവാദികള്‍ക്ക് ഉചിതമായ മറുപടി നല്‍കി. 'ഓപ്പറേഷന്‍ സിന്ദൂറി'നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവര്‍ പഹല്‍ഗാമില്‍ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്തിരുന്നു. ഇപ്പോള്‍ ബിജെപി മന്ത്രിമാര്‍ നമ്മുടെ ധീരയായ ഉദ്യോ?ഗസ്ഥയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു. മോദി ജി ഉടന്‍ മന്ത്രിയെ പുറത്താക്കണം'- ഖര്‍ഗെ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ന്യായീകരിച്ചു.