CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 58 Seconds Ago
Breaking Now

മുംബൈയില്‍ 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏല്‍പിച്ച് അമ്മ മുങ്ങി

അമ്മയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏല്‍പിച്ച് അമ്മ കടന്നുകളഞ്ഞു. നവി മുംബൈയിലാണ് സംഭവം. ജൂണ്‍ 30 തിങ്കളാഴ്ച ഉച്ചയോടെ ഹാര്‍ബര്‍ ലൈനില്‍ പന്‍വേലിലേക്കു പോകുന്ന ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഹാര്‍ബര്‍ ലൈനില്‍ പന്‍വേലിലേക്കു പോവുകയായിരുന്ന സബര്‍ബന്‍ ട്രെയിനില്‍ വാതിലിനടുത്തിരുന്നാണ് യുവതി യാത്ര ചെയ്തത്. വലിയ ലഗേജും കുഞ്ഞും ഉള്ളതുകൊണ്ട് ട്രെയിനില്‍ നിന്നിറങ്ങാന്‍ തന്നെ സഹായിക്കണമെന്ന് യുവതി ഒപ്പമിരുന്ന രണ്ട് സഹയാത്രക്കാരികളോട് പറഞ്ഞു. അതോടെ ജുയിനഗര്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു യാത്രക്കാരികളും അടുത്ത സ്റ്റേഷനായ സീവുഡ്‌സ് വരെ യാത്ര നീട്ടി.

തുടര്‍ന്ന് സീവുഡ്‌സ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട് സ്ത്രീകള്‍ ആദ്യം ഇറങ്ങി. പിന്നാലെ ലഗേജ് എടുക്കാനെന്ന വ്യാജേന കുഞ്ഞിനെ യുവതികളെ ഏല്പിച്ച ശേഷം അമ്മ ട്രെയിനില്‍ തിരികെ കയറി. എന്നാല്‍ ഏറെ നേരം കാത്തുനിന്നിട്ടും അമ്മ തിരിച്ചുവന്നില്ലെന്ന് യാത്രക്കാരികള്‍ പറയുന്നു. അപ്പോഴേക്കും ട്രെയിന്‍ വീണ്ടും ചലിച്ച് തുടങ്ങിയിരുന്നു. യുവതി ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാര്‍ കുഞ്ഞുമായി സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം.

തുടര്‍ന്ന് രണ്ടുപേരും കുഞ്ഞിനെയും കൊണ്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി സംഭവം അറിയിച്ചത്. ഉദ്യോഗസ്ഥന്‍ ഉടനെ തന്നെ വാഷി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ച് അമ്മയെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 93 പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി സീവുഡ് സ്റ്റേഷന്‍ കഴിഞ്ഞ് അഞ്ച് സ്റ്റേഷനുകള്‍ക്ക് അപ്പുറമുള്ള ഖണ്ഡേശ്വറില്‍ ട്രെയിന്‍ ഇറങ്ങിയതായി കണ്ടെത്തി. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച പൊലീസ് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.