കര്‍ണാടകയില്‍ പ്രേതബാധ ആരോപിച്ച് മകന്‍ അമ്മയെ അടിച്ച് കൊലപ്പെടുത്തി. 55 വയസുള്ള ഗീതമ്മയാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അതേസമയം സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
അമ്മയ്ക്ക് പ്രേതബാധ ഉണ്ടെന്ന് ആരോപിച്ചാണ് മകന്‍ സഞ്ജയ് മന്ത്രവാദിനിയെ എത്തിച്ചത്. തുടര്‍ന്ന് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പൂജ ആരംഭിച്ചു. എന്നാല്‍ പൂജയെന്ന പേരില്‍ ഇവര്‍ ഗീതമ്മയെ മര്‍ദിച്ചു. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലര്‍ച്ചെ 1:00 വരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വടികൊണ്ടായിരുന്നു മര്‍ദ്ദനം.
ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ മരണപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഗീതാമ്മയെ നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവര്‍ത്തിച്ച് മര്‍ദ്ദിക്കുന്നതും ഇതിനിടയില്‍ ഗീതമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് സഞ്ജയ്, ആശ, സന്തോഷ് എന്നിവര്‍ അറസ്റ്റിലായത്.