ജൂലൈ 7ന് ലണ്ടനില്‍ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്‌കാരം 22ന് ഈസ്റ്റ് ലണ്ടനിലെ റോംഫോര്‍ഡിലുള്ള ഈസ്റ്റ് ബ്രൂക്കെന്‍ഡ് സെമിത്തേരിയില്‍ (RM10 7DR) നടത്തും. ചൊവ്വാഴ്ച രാവിലെ പത്തിന് മൃതദേഹം റെയ്‌നാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലേറ്റ് പള്ളിയില്‍ (RM13 8SR) എത്തിച്ചേരും .
10 മണിമുതല്‍ 10:30 വരെയും പിന്നീട് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷവും പള്ളിയില്‍ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി ഈസ്റ്റ് ലണ്ടനിലെ ഡഗ്‌നാമില്‍ താമസിക്കുന്ന ആന്റണി മാത്യു (61) കുറച്ചു നാളായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം.ബ്രിട്ടനില്‍ സിറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കായി ഏറ്റവും അധികം ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്തവരില്‍ ഒരാളാണ് എടത്വ ഈരേത്ര വെട്ടുതൊട്ടുങ്കല്‍ പരേതരായ ചെറിയാന്‍ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകന്‍ ആന്റണി. ലണ്ടനിലെ മൂന്ന് രൂപതകളിലായി വിവിധയിടങ്ങളില്‍ മാസ് സെന്ററുകള്‍ ആരംഭിച്ചപ്പോള്‍ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും കോര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈസ്റ്റ്ഹാമിലും, ഹോണ്‍ചര്‍ച്ചിലും, സൌത്ത് എന്‍ഡിലും സിറോ മലബാര്‍ സഭയുടെ മാസ് സെന്ററുകള്‍ തുടങ്ങാനും അവയെ മിഷനുകളായി വളര്‍ത്താനും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു.
നിലവില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ബൈബിള്‍ അപ്പസ്‌തോലേറ്റ് കോഓര്‍ഡിനേറ്ററും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും ബൈബിള്‍ കലോല്‍സവം കോഓര്‍ഡിനേറ്റുമായി പ്രവര്‍ത്തിക്കുകയായിരുന്നു ആന്റണി മാത്യു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ നാഷണല്‍ കൗണ്‍സില്‍ ട്രഷററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കലാസാംസ്‌കാരിക വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഐടി കണ്‍സള്‍ട്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതം.
ഭാര്യ: ഡെന്‍സി ആന്റണി. മക്കള്‍: ഡെറിക്, ആല്‍വിന്‍.