എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന ഞെട്ടിക്കുന്ന നിമിഷങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ആ അപകടത്തില്‍ നിന്നും ചെറിയ പരുക്കുകളോടെ ഒരാള്‍ രക്ഷപ്പെട്ട് വരുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. 'അത്ഭുത മനുഷ്യനെന്നും', 'ദൈവത്തിന്റെ സന്തതിയെന്നും', 'പ്രതീക്ഷയുടെ ചിഹ്നമെന്നും' മാധ്യമങ്ങള്‍ വിശേഷിപ്പിച്ചെങ്കിലും ജീവനോടെ രക്ഷപ്പെട്ട നിമിഷത്തെ ശപിക്കുകയാണ് ബ്രിട്ടീഷ് പൗരനായ 40-കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ്.
കണ്‍മുന്നില്‍ എല്ലാവരും മരിക്കുന്ന കാഴ്ച കണ്ട വിശ്വാഷിന് ഇതില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ദിവസവും ദുഃസ്വപ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണ്. 242 പേരില്‍ താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ പശ്ചാത്താപമാണ് ഈ മനുഷ്യനെ അലട്ടുന്നത്. വിശ്വാഷ് ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് ഇദ്ദേഹത്തിന്റെ ലെസ്റ്ററിലുള്ള ബന്ധു ക്രുണാല്‍ കേശവ് പറയുന്നു.
ഉറങ്ങിയാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്വപ്‌നം തേടിയെത്തുന്ന അവസ്ഥയിലാണെന്ന് കേശവ് വെളിപ്പെടുത്തി. സഹോദരന്‍ 35-കാരന്‍ അജയ് ഉള്‍പ്പെടെ മരണപ്പെട്ടതോടെ 'അത്ഭുതകരമായ രക്ഷപ്പെടല്‍' ഇദ്ദേഹത്തെ വേട്ടയാടുകയാണ്. ഇന്ത്യയിലെ ഡിയുവില്‍ ഫിഷിംഗ് ബിസിനസ്സ് നടത്തിയിരുന്ന സഹോദരന്മാര്‍ ഓഫ് സീസണില്‍ ലെസ്റ്ററിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വിമാനം ഇടിച്ചിറങ്ങിയപ്പോള്‍ ബോയിംഗ് 787 ഡ്രീംലൈനറിലെ ഫ്യൂസലേജിന് സമീപം രൂപപ്പെട്ട വിടവിലൂടെ എളുപ്പം പുറത്തിറങ്ങാന്‍ കവിഞ്ഞതാണ് വിശ്വാഷിന്റെ ജീവന്‍ രക്ഷിച്ചത്. മറ്റുള്ളവര്‍ക്ക് ഇതിനുള്ള സാവകാശം കിട്ടാതെ വന്നതോടെ പൊട്ടിത്തെറിച്ച് യാത്രക്കാരും, ക്രൂവും കത്തിയമരുകയായിരുന്നു.